ന്യൂഡൽഹി : കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ വഴിയോര കച്ചവടക്കാർക്ക് കൈത്താങ്ങായി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ച വായ്പാ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിതരണം ചെയ്യും.
പ്രധാനമന്ത്രി സ്വാനിധി ( പ്രധാനമനമന്ത്രി സ്ട്രീറ്റ് വെന്റേഴ്‌സ് ആത്മനിർഭർ നിധി യോജന) പദ്ധതിയ്ക്ക് കീഴിലാണ് കച്ചവടക്കാർക്ക് വായ്പകൾ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ഇൻഫർമേഷൻ വകുപ്പ് അഡീഷണൽ സെക്രട്ടറി നവനീത് സെഗാലാണ് വായ്പകൾ നാളെ വിതരണം ചെയ്യുമെന്ന് അറിയിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം വായ്പകളുടെ വിതരണം നിർവ്വഹിക്കുക. 3,00,000 കച്ചവടക്കാർക്കാണ് പ്രധാനമന്ത്രി സ്വാനിധിയുടെ ഗുണം ലഭിക്കുന്നത്.
വഴിയോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ജൂൺ ഒന്നിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വാനിധി. പദ്ധതിയ്ക്ക് കീഴിൽ കച്ചവടക്കാർക്ക് തൊഴിൽ മൂലധനമായി 10,000 രൂപ വരെ സബ്‌സിഡി നിരക്കിൽ ലഭിക്കും. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി അരികുവൽക്കരിക്കപ്പെട്ട ജനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി ആവിഷ്‌കരിച്ചതിന് പിന്നാലെ 24 ലക്ഷം അപേക്ഷകൾ സർക്കാരിന് ലഭിച്ചു. ഇതിൽ 12 ലക്ഷം പേർക്ക് വായ്പ അനുവദിച്ചിട്ടുണ്ട്.
Post Your Comments