KeralaLatest NewsNews

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ സിപിഎമ്മിനെ അപമാനിച്ചുവെന്ന ചര്‍ച്ച ചെയ്ത് എഴുത്തുകാരി കെ.ആര്‍.മീര : കെ.ആര്‍.മീരയ്ക്ക് മറുപടിയുമായി ശ്രീജിത് പണിക്കരും … സിപിഎമ്മിനേയും പിണറായി വിജയനേയും തൊട്ടുകളിക്കരുതെന്ന് മീരയുടെ ഭാഷ്യം

തിരുവനന്തപുരം: സിപിഎമ്മും മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഇപ്പോള്‍ പ്രധാനമായും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ചാനല്‍ ചര്‍ച്ചകളിലൂടെ സിപിഎം പ്രതിനിധികള്‍ നടത്തുന്നത് തെറിവിളികളും അശ്ലീല പദപ്രയോഗങ്ങളുമാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു.വി.ജോണ്‍ സിപിഎമ്മിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ സിപിഎമ്മിനെ അപമാനിച്ചുവെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയിയല്‍ സജീവമായിരിക്കുന്നത്.. ഇക്കാര്യത്തില്‍ നോവലിസ്റ്റായ കെ ആര്‍ മീര എഴുതിയ കുറിപ്പിനെതിരെ ശ്രീജിത്ത് പണിക്കര്‍ രംഗത്തു വന്നു. താന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയിലെ കെ ആര്‍ മീരയുടെ നിലപാടുകള്‍ക്കെതിരെയാണ് ശ്രീജിത്ത് പണിക്കരുടെ പോസറ്റ്

Read Also : ലൈഫിലെ വീടിന് 2 ലക്ഷം രൂപ : പ്രഖ്യാപനചടങ്ങിന് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 33 ലക്ഷം രൂപയും… സംസ്ഥാനം കടക്കണിയിലാണെന്ന് പറയുമ്പോഴും സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനത്തിന് അനാവശ്യമായി ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പിണറായി മന്ത്രിസഭ

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആരാച്ചാര്‍’ എന്ന നോവല്‍ എഴുതിയ കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റുകളും എന്നെക്കുറിച്ചുള്ള പരാമര്‍ശവും ഒക്കെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിനു വി ജോണ്‍ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതിലാണ് സിപിഎം പ്രതിനിധി വി പി പി മുസ്തഫ, യാസര്‍ അറഫാത്ത് എന്ന വ്യക്തിയുടെ അഥമമായ ഫേസ്ബുക്ക് കമന്റ് അതേപോലെ വായിച്ചത്. യാസറിന്റെ കമന്റിലെ സഭ്യതയായിരുന്നില്ല ചര്‍ച്ചാവിഷയം. ഇന്ത്യാക്കാരനായ ഒരാളെ വിദേശത്തുനിന്നും തിരികെ നാടുകടത്താന്‍ ഒരു സംസ്ഥാനമന്ത്രിക്ക് അധികാരമുണ്ടോ എന്നും അതിന് മന്ത്രി സ്വീകരിച്ച മാര്‍ഗം നിയമപരമാണോ എന്നതുമായിരുന്നു.

ചര്‍ച്ച കഴിഞ്ഞതോടെ മീര ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: ‘അശ്ലീലം നിറഞ്ഞ കമന്റുകള്‍ വായിക്കാന്‍ തയ്യാറായ സിപിഎം പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയത്.’ അവാസ്തവമായ പ്രസ്താവനയാണിത്. കാരണം മുസ്തഫയെയും എന്നെയും കൂടാതെ പങ്കെടുത്തത് യൂത്ത് ലീഗില്‍ നിന്നും പി കെ ഫിറോസ്, യാസര്‍ അറഫാത്തിന്റെ പിതാവ് എ കെ എം അലി എന്നിവരാണ്. യാസര്‍ അറഫാത്തിന്റെ സാന്നിധ്യം ആ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല. എഴുതാന്‍ ആധാരമായ ചര്‍ച്ചയിടെ വിഡിയോ ഒരുവട്ടം കണ്ടിരുന്നെങ്കില്‍ മീരയ്ക്ക് ഈ അബദ്ധം സംഭവിക്കുമായിരുന്നില്ല.

ഈ വസ്തുത ഇന്നലെ ഞാന്‍ പങ്കെടുത്ത മറ്റൊരു ചര്‍ച്ചയ്ക്കു ശേഷം വിനു പ്രേക്ഷകരോട് പ്രസ്താവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മീര മറ്റൊരു പോസ്റ്റുമായി വന്നിട്ടുണ്ട്. അതാണ് ബഹുരസം. വിനുവിന്റെ ചര്‍ച്ചകള്‍ കാണാറില്ലെന്ന് സമ്മതിക്കുന്ന മീര പറയുന്നു, ‘യാസറിന്റെ സാന്നിധ്യം’ എന്നത് അയാളുടെ ദൃശ്യങ്ങളും രേഖകളും ആയിരുന്നെന്ന്! യാസറിനു വേണ്ടി സംസാരിക്കാന്‍ അയാളുടെ പിതാവിനൊപ്പം മറ്റു രണ്ടു പേരെക്കൂടി കൊണ്ടുവന്നിരുന്നുവെന്ന് ഫിറോസും ഞാനും.

ഇതിനാണ് പറയുക, ഉരുണ്ടു മണ്ണില്‍ വീണാല്‍ അവിടെക്കിടന്ന് മണ്ണപ്പം ചുടുക എന്ന്. സാമാന്യബോധമുള്ളവര്‍ക്ക് ‘സാന്നിധ്യ’മെന്ന വാക്കിന്റെ അര്‍ത്ഥമറിയാം. യാസര്‍ അറഫാത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതാണ് അയാളുടെ സാന്നിധ്യമെങ്കില്‍, അയാളുടെ പേര് നിരവധി തവണ പറയുകയും അയാളുടെ ദൃശ്യം ചേര്‍ക്കുകയും ചെയ്ത മീരയുടെ പോസ്റ്റിലും അയാളുടെ സാന്നിധ്യമാണെന്ന് പറയേണ്ടിവരുമല്ലോ!

ലീഗുകാരന്‍ ആയ യാസര്‍ അറഫാത്തിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ ചര്‍ച്ചയില്‍ അയാളുടെ പിതാവോ ലീഗിന്റെ പ്രതിനിധിയോ പോലും മുതിര്‍ന്നില്ല. ഞാനും അയാളെ ഒരു തരത്തിലും ന്യായീകരിച്ചില്ല എന്നു തന്നെയല്ല, അയാളുടെ മനോവൈകൃതത്തേക്കള്‍ വൈകൃതം ഉള്ളവര്‍ക്ക് മാത്രമേ അയാളുടെ പോസ്റ്റ് പരസ്യമായി വായിക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞതും. അയാള്‍ ചെയ്ത കുറ്റം നാട് കടത്താന്‍ പര്യാപ്തമാണോ, ആണെങ്കില്‍ അതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന നിയമവശമാണ് ഞാന്‍ സംസാരിച്ചത്. മീരയുടെ പ്രശ്നം നിസ്സാരമാണ് ചര്‍ച്ച കണ്ടില്ല, അതില്‍ നടന്നത് എന്തെന്ന് ഊഹിച്ചു, പോസ്റ്റ് ഇട്ടു, അബദ്ധമായി.

അതെങ്ങനെ! ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് മീര ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു ഞാന്‍ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.” അതായത് നിയമിക്കപ്പെട്ടിട്ടില്ലാത്ത സ്ഥാനത്തു നിന്നും രാജിവച്ചത്രേ! ഉദാഹരണത്തിന്, എന്റെ റെസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറി ഞാനല്ല, മറ്റൊരാളാണ് എന്നു കരുതുക. എന്നാലും സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ രാജിവച്ചെന്നു കരുതുക; അതുപോലെ! അതെങ്ങനെ സാധിക്കും എന്നൊന്നും ചോദിക്കരുത്, അതിനൊക്കെ മീരയ്ക്ക് മേല്പറഞ്ഞതു പോലുള്ള യുക്തിയുണ്ടാവും. വാര്‍ത്തകളിലെ ‘നിയമനം’ എന്ന വാക്കിന്റെ ‘സാന്നിധ്യം’ ഒക്കെ നിയമനമായി കരുതാമല്ലോ!

ഇതിലും രസം അതല്ല. മുസ്തഫ വായിച്ച യാസര്‍ അറഫാത്തിന്റെ കമന്റല്ല അയാളെ നാടുകടത്താനുള്ള ഇടപെടലിനു കാരണം എന്നതാണ്. അയാള്‍ ജലീലിനെതിരായി എഴുതി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റമെന്ന് അയാളും കുടുംബവും മാധ്യമങ്ങളോട് പറയുന്നുണ്ട്. ആ പോസ്റ്റ് അല്ലല്ലോ മുസ്തഫ വായിക്കാന്‍ ശ്രമിച്ചത്. യാസര്‍ അറഫാത്ത് ഒരു സ്ത്രീവിരുദ്ധനാണെന്നും അയാള്‍ നാടുകടത്തപ്പെടാന്‍ സര്‍വധാ യോഗ്യനാണെന്നും ഉള്ള ധ്വനിയില്‍ ആണല്ലോ അയാളുടെ കമന്റ് വായിക്കപ്പെട്ടത്. അങ്ങനെയാണോ നാട്ടിലെ നിയമസംവിധാനം പ്രവര്‍ത്തിക്കുന്നത്, മീര?

വിനു എങ്ങനെ ചര്‍ച്ച നയിക്കണമെന്ന് മീരയാണ് പറയേണ്ടതെങ്കില്‍, മീര ഏതൊക്കെ നോവല്‍ എഴുതണമെന്ന് വിനുവും പറയണം. അതാണല്ലോ തുല്യനീതി.

പറയാനുള്ളത് ഇതാണ്: യാസറിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചയെന്ന താങ്കളുടെ പ്രസ്താവന തിരുത്തുക; കാരണം, അത് അവാസ്തവമാണ്. യാസറിനു വേണ്ടി സംസാരിക്കാന്‍ ഞാന്‍ പോയെന്ന വാദം തിരുത്തുക; കാരണം, അത് അസംബന്ധമാണ്. കാളപെറ്റെന്ന് കേള്‍ക്കുമ്‌ബോള്‍ കയര്‍ എടുക്കുന്നവര്‍ക്ക് ഇതൊരു പാഠമാവണം.

കയറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് വീണ്ടും ആരാച്ചാരെക്കുറിച്ച് ഓര്‍ത്തത്. ആരാച്ചാര്‍ ചെയ്യുന്നത് നിയമവിധേയമായ കൊലപാതകമാണ്; വിഷം നിറഞ്ഞ ക്യാപ്സൂള്‍ സ്വമേധയാ കഴിച്ചുമരിക്കുന്നതിന് ആത്മഹത്യ എന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button