പിഡിപി നേതാവ് മെഹബൂബ മുഫ്തി നടത്തിയ ദേശവിരുദ്ധ പ്രസ്താവനയ്ക്കെതിരെ ജമ്മുവിൽ പ്രതിഷേധവുമായി ശിവസേന ദോഗ്ര ഫ്രണ്ട്. ദേശവിരുദ്ധ പ്രസ്താവന നടത്തുന്ന നേതാക്കളെ അതിർത്തി തുറന്ന് പാകിസ്താനിലേക്കും ചെെനയിലേക്കും വിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും ശിവസേന ദോഗ്ര ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടു.
ത്രിവർണ പതാകയെ എതിർക്കുന്നവർ ഇവിടെ ജീവിക്കേണ്ട കാര്യമില്ല. അവർക്ക് പാകിസ്താനിലേക്കോ ചൈനയിലേക്കോ പോകാം. ഞങ്ങളുടെ അഭിമാനമാണ് ഈ പതാക. ഒപ്പം രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരോട് പുലർത്തുന്ന ആദരവിന്റെ അടയാളവുമാണെന്ന് ശിവസേന ദോഗ്ര ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ അശോക് ഗുപ്ത പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചാണ് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ കശ്മീരിൽ ഹിന്ദു , മുസ്ലീം ശത്രുത സൃഷ്ടിക്കാനാണ് മെഹബൂബ മുഫ്തി ശ്രമിക്കുന്നതെന്നും അശോക് ഗുപ്ത ആരോപിച്ചു. റാണി പാർക്കിൽ സംഘടിച്ച് പ്രതിഷേധം നടത്തിയ ശിവസേന ദോഗ്ര ഫ്രണ്ട് പ്രവർത്തകർ മെഹബൂബ മുഫ്തിയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു. ത്രിവർണ പതാകയുമേന്തിയായിരുന്നു പ്രതിഷേധം.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. കശ്മീരിന്റെ പതാക തിരികെ നൽകുന്നതുവരെ ത്രിവർണ പതാക ഉയർത്തില്ലെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ വാക്കുകൾ.
Post Your Comments