ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. രണ്ട് മാസത്തിനിടെ ആദ്യമായി രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 63 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയെത്തുന്നത്.
രാജ്യത്ത് നിലവില്‍ 6,95,509 പേരാണ് ചികിത്സയിലുള്ളത്. ആക്ടീവ് കേസുകളുടെ എണ്ണം ആകെ രോഗബാധിതരുടെ 8.96% മാത്രമാണ്. രാജ്യത്ത് രോഗമുക്തരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 69,48,497 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 രോഗികളാണ് സുഖം പ്രാപിച്ചത്. ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.51% ആയി കുറഞ്ഞു.
അതേസമയം, ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ 2021 ജൂണില്‍ പുറത്തിറക്കും. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി കമ്ബനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അറിയിച്ചത്.
Post Your Comments