KeralaLatest NewsNews

സര്‍ക്കാറിന്റെ നിരന്തരമായ അവഗണന മടുത്തു ; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കുന്നു

തിരുവനന്തപുരം : സര്‍ക്കാറിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കുന്നു. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കാനാണ് എണ്‍പതോളം വരുന്ന പ്രാദേശിക സംഘടനകള്‍ തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) എന്ന ഒറ്റ സംഘടനയ്ക്ക് കീഴില്‍ മത്സരക്കാനൊരുങ്ങുന്നത്.

ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്ത്യ നേതൃത്വം നല്‍കുന്ന സംഘടനയാണ് ടിവിഎം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ടിവിഎം അധ്യക്ഷന്‍ എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. ഇതു കൂടാതെ വിഴിഞ്ഞം, ഔട്ടര്‍ റിംഗ് റോഡ്, ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികളുടെ മെല്ലെപോക്കും എല്ലാം ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായത്തെ മാനിക്കാതെയാണ് സര്‍ക്കാര്‍, വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതില്‍ തീരുമാനമെടുത്തതെന്ന് രഘുചന്ദ്രന്‍ പറഞ്ഞു.

അദാനിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയിലേക്ക് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതിലൂടെ ചെലവഴിക്കുന്നത് പൊതുജനങ്ങളുടെ പണമാണെന്നും സംഘടന നേതൃത്വം പറയുന്നു.

ടിവിഎമ്മിന് പിന്തുണയറിയിച്ച് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ട്രിവാന്‍ഡ്രം അജണ്ട ടാസ്‌ക് ഫോയ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീ, കോണ്‍ഫഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍,ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം തന്നെ ടിവിഎം ഒരു വെല്ലുവിളിയായി മാറുമോ എന്ന ഭയവും വന്നു തുടങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button