KeralaMollywoodLatest NewsNewsEntertainment

രാജീവ് മേനോന്‍ ഇന്ന് എവിടെയാണ്, അയാളുടെ ചിന്തയും മാനസികാവസ്ഥയും എങ്ങനെ ആയിരിക്കും, ഒരുപക്ഷെ അയാള്‍ ആ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടു വീണ്ടും ചെന്നാല്‍ എന്തു സംഭവിക്കും ?

ദശരഥത്തിലെ രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ് എന്നാണ് വിജയ് ശങ്കര്‍

മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാക്കൃത്തുമായ ലോഹിതദാസ് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്. തിയറ്ററിൽ പരാജയം നേരിട്ടെങ്കിലും ദശരഥം മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള സിനിമ കൂടിയാണ്. ദശരഥത്തിന്റെ തുടര്‍ക്കഥയാണ് ഭരതന്‍ സംവിധാനം ചെയ്ത പാഥേയം എന്നാണ് ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ പറയുന്നത്. ദശരഥത്തിലെ രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ് എന്നാണ് വിജയ് ശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്

വിജയ് ശങ്കര്‍ ലോഹിതദാസിന്റെ കുറിപ്പ്:

ലോഹിതദാസ് എഴുതിയ നുണയും ദശരഥവും

ഏതൊരു മലയാളി പ്രേക്ഷകനെ പോലെ എനിക്കും ഏറെ പ്രിയപ്പെട്ട സിനിമയാണ് ദശരഥം. എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്തവനായ രാജീവ് മേനോന്‍. ഭ്രാന്തമായ താത്പര്യങ്ങളും കുസൃതികളും നിറഞ്ഞ ഒരു ചെറുപ്പക്കാരന്‍. ഞാന്‍ ജനിക്കുന്നതിലും മുന്നേ വെള്ളിത്തിരയില്‍ വന്ന സിനിമയാണ് ദശരഥം. ആ കഥയിലേക്ക് നയിച്ച ത്രെഡ് എവിടന്നാണ് കിട്ടിയത് എന്ന് ഒരു ലേഖനത്തില്‍ എഴുതിയത് വായിച്ചിട്ടുണ്ട്. പണ്ട് ചാലക്കുടിയില്‍ റോട്ടറാക്‌ട് ക്ലബ്ബിന്റെ പ്രവര്‍ത്തനവുമായി അനുബന്ധിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ നടത്തുവാന്‍ വേണ്ടി യൗവന കാലത്തു ഒരു ഡോക്ടര്‍ മുഖാന്തരം അച്ഛന്‍ ബീജം നല്‍കിയിട്ടുണ്ട്. അത് ആരാണ് സ്വീകരിക്കുന്നതെന്ന് നമുക്ക് അറിയാന്‍ കഴിയില്ല. എങ്കിലും ആരാണ് അത് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയുവാന്‍ ഉള്ള ആഗ്രഹത്തിന്റെ പുറത്തു ഒളിഞ്ഞും മറഞ്ഞും ചുറ്റിത്തിരിഞ്ഞിട്ടുണ്ട്. അതാണ് ദശരഥത്തിലേക്ക് വഴിവച്ചത്.

തിയേറ്ററില്‍ പരാജയമായ ദശരഥം ആണ് പില്‍ക്കാലത്തു മലയാളത്തിലെ ക്ലാസിക് ആയി മാറിയത്. ഒരിക്കല്‍ രാജുവേട്ടനുമായി ഒരു സംവാദത്തിനിടയില്‍ ദശരഥം വിഷയമായി വന്നു, പ്രശസ്ത സംവിധായകന്‍ മണിരത്നത്തിന്റെ കൂടെ അദ്ദേഹം രാവണന്‍ എന്ന സിനിമ ചെയുമ്ബോള്‍ മണിസാര്‍ പറഞ്ഞുവത്രേ മലയാളം സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ദശരഥം എന്ന്. കാലങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അതീതമാണ് ആ തിരക്കഥ. വ്യക്തിപരമായ അഭിപ്രായത്തില്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള സിനിമയാണ് ദശരഥം. എല്ലാവര്‍ക്കും ഒരുപക്ഷെ മനസിലേക്കു വരുന്നത് ക്ലൈമാക്സ് രംഗം ആയിരിക്കാം.

പക്ഷെ എനിക്ക് അതല്ല, നെടുമുടി അവതരിപ്പിച്ച കറിയാച്ചനെ ബാറില്‍ കൊണ്ടുപോയി വയറു നിറച്ചും കള്ളുവാങ്ങി കൊടുത്തതിനു ശേഷം ‘തൊമ്മിയെ എനിക്ക് തരോ? കറിയാച്ചന്റെ മോന്‍ ആ തടിയന്‍ തൊമ്മിയെ’ എന്ന് ചോദിക്കുന്നുണ്ട്. പ്രതികരണം ഒരു ചിരിയില്‍ ആണ് തുടങ്ങുന്നതെങ്കിലും ഇല്ല എന്നാണ് മറുപടി.. ‘എന്റെ തൊമ്മിയെ കൊടുത്തിട്ടു ഞാന്‍ എന്തിനാടോ അപ്പനാന്നും പറഞ്ഞു ജീവിക്കുന്നെ? ഒരപ്പനും അതിനു സാധിക്കില്ല, തനിക്കത്ത് മനസിലാവില്ല .. തന്റെ കുഴപ്പമല്ല, തനിക്കു ബന്ധങ്ങളുടെ വില മനസിലാവില്ല’….

അതില്‍ ലാലേട്ടന്റെ ഒരു കൗണ്ടര്‍ റിയാക്ഷന്‍ ഉണ്ട്.. അതിനെ വെല്ലുന്ന , ആ നോട്ടത്തിനെ വെല്ലുന്ന ഒരു അഭിനയ മുഹൂര്‍ത്തം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഞാന്‍ കണ്ടട്ടില്ല.      തികച്ചും വ്യക്തിപരമാണ്, അതും ഞാന്‍ ചേര്‍ക്കുന്നു. അച്ഛന്റെ മരണശേഷം ഒരുപാടുപേര്‍ ദശരഥത്തിനു ഒരു രണ്ടാം ഭാഗം എന്ന സ്വപ്നമായി ബന്ധപ്പെട്ടിട്ടുണ്ട്, ത്രെഡായും തിരക്കഥയുമായും വന്നവരുണ്ട്, പക്ഷെ ഒരു രണ്ടാംഭാഗം എനിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുന്നില്ല. കാരണം മറ്റൊന്നുമല്ല , ദശരഥത്തിനു രണ്ടാം ഭാഗം ലോഹിതദാസ് തന്നെ എഴുതിയിട്ടുണ്ട് , എല്ലാവരും കണ്ടതുമാണ്.

അച്ഛന്റെ ലേഖനങ്ങള്‍ കോര്‍ത്തിണക്കി ‘കഥയുടെ കാണാപ്പുറങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകം ഉണ്ട്. അതിലെ ഒരു ലേഖനം വായിച്ചനാള്‍ മുതല്‍ എന്റെ ഉള്ളില്‍ അതൊരു ചോദ്യമാണ്, അത് ഒരു സത്യമാണെന്നു എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല, അച്ഛന്റെ ഭാവനയില്‍ നിന്ന് വന്ന മറ്റൊരു കഥയല്ലേ ഈ ലേഖനം എന്ന് തോന്നിയിരുന്നു. ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപോല്‍ അച്ഛന്‍ അവിടെ വച്ച്‌ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടു, അവള്‍ അവിടത്തെ വിദ്യാര്‍ത്ഥിനിയാണ്. ആദ്യ മാത്രയില്‍ തന്നെ ഒരു വൈകാരിക വലയം രൂപപ്പെട്ടു, എന്തെന്നില്ലാത്ത അടുപ്പം അവളുടെ മുഖത്തോടു തോന്നി …. കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് അച്ഛനോട് പറഞ്ഞു ‘അതാരാണെന്ന് തനിക്കു മനസിലായില്ലേ ?? തന്റെ പഴയ കാമുകിയുടെ മകളാണ് ..

പിതൃത്വത്തിന്റെ ഒരു കാന്തികത അച്ഛന് അനുഭവപെട്ടു ആ പെണ്‍കുട്ടിയോട്, ഒരിക്കല്‍ എപ്പോഴോ തന്റെ മനസ്സില്‍ വിരിഞ്ഞിരുന്ന മാനസപുത്രിയല്ലേ അവള്‍?.. ഈയൊരു അനുഭവത്തില്‍ നിന്നാണ് മമ്മൂട്ടി ചന്ദ്രദാസ് എന്ന നായകവേഷത്തില്‍ എത്തിയ പാഥേയം എന്ന സിനിമ രൂപം പ്രാപിക്കുന്നത്. ഇത് ആ ലേഖനത്തില്‍ പറയുന്നതാണ്. പക്ഷെ എനിക്കതില്‍ തീരെ വിശ്വാസമില്ല, സത്യം പറഞ്ഞാല്‍ അച്ഛന്റെ മിക്ക സിനിമകളും എഴുത്തുകളും ഞാന്‍ കാണുന്നതും വായിക്കുന്നതും അച്ഛന്‍ പൊലിഞ്ഞു പോയതിനു ശേഷമാണു. എനിക്ക് ചോദ്യം ചെയ്യാന്‍ കിട്ടിയില്ല അച്ഛനെ, പക്ഷെ ആ മനസ്സ് എനിക്കറിയാം .

ആ ലേഖനത്തില്‍ കുറിച്ച വാക്കുകള്‍ ഭാവന മാത്രമാണ്. അമ്മയോടും ഞാന്‍ ചോദിച്ചു, അങ്ങനെ ഒരു കാമുകിയുടെ മകളെ കണ്ട ഒരു സന്ദര്‍ഭം അച്ഛന് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് അമ്മയും പറഞ്ഞത്. ഞാന്‍ എഴുത്തുമായി ഇരിക്കുന്ന വേളയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പാഥേയം വീണ്ടും കാണാന്‍ ഇടയായത്. എന്നത്തേക്കാളും ചന്ദ്രദാസ് എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു, എഴുത്തിനു അത് ഭംഗം സംഭവിപ്പിച്ചെങ്കിലും ഇഷ്ടത്തോടെ ആ കഥാപാത്രത്തെ മനസ്സില്‍ കൊണ്ടുനടന്നു ദിവസങ്ങളോളം. ഒടുവില്‍ ഞാന്‍ കണ്ടെത്തി… പഴയ കാമുകിയുടെ മകളെ കണ്ട ലോഹിതദാസിന്റെ മനസിലെ പിതൃവാത്സല്യം അല്ല പാഥേയത്തില്‍ ചെന്നെത്തിച്ചത് .. അത് രാജീവ് മേനോന്‍ ആണ്. മുന്ന് ഞാന്‍ എഴുതിയ ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എഴുതിയ കഥാപാത്രങ്ങള്‍ അച്ഛനെ വേട്ടയാടാറുണ്ടെന്ന് .

അങ്ങനെ ഉള്ള ഒരു സന്ദര്‍ഭത്തില്‍ നിന്നാണ് പാഥേയത്തിലെ ചന്ദ്രദാസും പിറവിയെടുക്കുന്നത്. രാജീവ് മേനോന്‍ ഇന്ന് എവിടെയാണ്, അയാളുടെ ചിന്തയും മാനസികാവസ്ഥയും എങ്ങനെ ആയിരിക്കും, ഒരുപക്ഷെ അയാള്‍ ആ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടു വീണ്ടും ചെന്നാല്‍ എന്തു സംഭവിക്കും ?

അതാണ് പാഥേയം. ഇന്നും നഷ്ടപ്പെട്ടു പോയ മകനെ ഓര്‍ത്തു ഉരുകി നീറുന്ന രാജീവിനോട് സഹതാപം തോന്നി ആ മകന്‍ ഒരുപക്ഷെ കൂടെപ്പോയേക്കാം, അല്ലെങ്കില്‍ നിയമ സാദ്ധ്യതകള്‍ വളരെയേറെയുണ്ട് ഇന്ന്, വാടകയ്ക്കു ഒരു ഗര്‍ഭപാത്രം എന്ന ആശയത്തിന് ആണ് നിയമസാധ്യത ഇല്ലെന്നു പറഞ്ഞ് ആണ് ദശരഥത്തില്‍ കേസ് കോടതി തള്ളിക്കളയുന്നത്, പക്ഷെ ഇന്ന് അയാള്‍ക്കു പിതൃത്വം അവകാശപ്പെടാം, ഏതൊരു ടെസ്റ്റും അയാള്‍ക്കു ആനുകൂലമാണ്.

ബയോളജിക്കലി രാജീവ് ആണല്ലോ കുട്ടിയുടെ അച്ഛന്‍. ആ മകന്‍ രാജീവിന്റെ കൂടെ പോവുകയാണെങ്കില്‍, അയാളുടെ അവസ്ഥ കണ്ടു സഹതപിച്ചോ അല്ലെങ്കില്‍ കോടതി വിധി പ്രകാരമോ എന്തും ആകട്ടെ …. പിന്നീട് എന്തു സംഭവിക്കാം? അതാണ് പാഥേയം. സ്നേഹ ബന്ധത്തിന് മുന്നില്‍ രക്തബന്ധം തോറ്റുപോകുമായിരുന്നു, ഇന്നോളം താന്‍ അച്ഛന്‍ എന്ന് വിളിച്ച സ്നേഹിച്ച മുരളി അവതരിപ്പിച്ച കഥാപാത്രത്തെ ഒരിക്കലും രാജീവിന് മറികടക്കാന്‍ ആവില്ല ഒരര്‍ത്ഥത്തിലും. ഞാന്‍ അമ്മയോടും ചാകരയോടും പറഞ്ഞു, പാഥേയം ദശരഥത്തിന്റെ രണ്ടാം ഭാഗമാണ്, ഒരു നിമിഷം ആലോചിച്ച ശേഷം അമ്മയും പറഞ്ഞു, ‘അതെ’.

ദശരഥത്തില്‍ നിന്ന് ആകെ കടംകൊണ്ടത് ഒന്നാണ് … ആനിയെ പോലെത്തന്നെ നാളെ മുരളി അവതരിപ്പിച്ച കഥാപാത്രവും ആ മകനെ സ്നേഹിച്ചു തുടങ്ങും എന്നത് ഉറപ്പാണ്, ആ മകന്റെ സ്നേഹവും അച്ഛാ എന്ന വിളിയും അനുഭവിക്കാന്‍ വിധിക്കപെട്ടത് ആ കഥാപാത്രമാണ്. അതിനു ഭാഗ്യവാനായ ആ കഥാപാത്രത്തിന്റെ പേരാണ് പാഥേയത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച ഹരികുമാര മേനോന്റെ മുന്നില്‍ തോറ്റുപോകുന്ന ജൈവപിതാവിന് കൊടുത്തിരിക്കുന്നത് .. ചന്ദ്രദാസ്, ദശരഥത്തിലെ രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ് . ദശരഥത്തിന്റെ തുടര്‍ക്കഥയാണ് പാഥേയം. സ്നേഹബന്ധത്തിനു മുന്നില്‍ രക്തബന്ധം തോറ്റുപോകുന്ന കഥയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button