UAELatest NewsIndia

ഇത്രയും നീട്ടി, ഇനി പോയേ തീരൂ: നിയമം ലംഘിച്ച് കഴിയുന്നവരോട് യുഎഇ

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക പൊതുമാപ്പ് കാലാവധി നവംബർ 17നു അവസാനിക്കുമെന്ന് അധികൃതർ. ഇതിനു മുൻപ് നിയമ ലംഘകരായി കഴിയുന്നവർ രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചു. താമസ രേഖകൾ നിയമാനുസൃതമാക്കാതെ രാജ്യത്ത് തങ്ങുന്നവർക്ക് അനധികൃത താമസത്തിനു പിഴയൊന്നും കൂടാതെ രാജ്യം വിടാനുള്ള അന്തിമ സമയപരിധിയാണിത്.

പ്രസിഡന്റ് നൽകിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ഓഗസ്റ്റ് 18നു അവസാനിച്ചിരുന്നെങ്കിലും മൂന്നു മാസം കൂടി നീട്ടുകയായിരുന്നു. 2020 മാർച്ച് ഒന്നിനു മുമ്പ് താമസ രേഖകൾ അസാധുവായ ആളുകൾക്ക് നിയമാനുസൃതം രാജ്യം വിടാനുള്ള സുവർണാവസരം കൂടിയാണിത്. അനധികൃത താമസത്തിനു അടയ്ക്കേണ്ട വൻ തുകയിൽ ഇളവു നൽകി നാടുവിടാൻ അവസരമൊരുക്കുന്നതിനാൽ ഇതു പ്രയോജനപ്പെടുത്തണമെന്നാണു അധികൃതരുടെ അഭ്യർഥന.

ഈ കാലയളവിൽ രാജ്യം വിടുന്നവരുടെ പാസ്പോർട്ടിൽ പ്രവേശന നിരോധം (നോ എൻട്രി) പതിക്കാത്തതിനാൽ ഔദ്യോഗിക കുടിയേറ്റ രേഖകളുമായി ഏതു സമയവും യുഎഇയിലേക്ക് തരിച്ചെത്താനും സാധിക്കും. അബുദാബി, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി രാജ്യം വിടാൻ സന്നദ്ധരായവർ യാത്രാ നടപടികൾക്കായി ആറു മണിക്കൂർ മുമ്പ് എത്തണം. ദുബായ് വിമാനത്താവളത്തിലൂടെ പോകുന്നവർ ടെർമിനൽ രണ്ടിനു സമീപത്തെ സിവിൽ ഏവിയേഷൻ സുരക്ഷാ വകുപ്പിനു കീഴിലുള്ള ഡിപോർട്ടേഷൻ സെന്ററിലാണ് ഹാജരാകേണ്ടത്.

read also: സൗദിയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചതും സംശയത്തിന്റെ നിഴലിൽ, പാസ്‌പോര്‍ട്ട് ആവശ്യം കേന്ദ്രം തള്ളിയതിൽ വ്യാപക പ്രതിഷേധം ഉയർന്നതിലും ദുരൂഹത

യാത്ര സമയത്തിന്റെ രണ്ട് മണിക്കൂർ മുമ്പ് സെന്ററിൽ റിപ്പോർട്ട് ചെയ്യണം. അതേസമയം വിവിധ വീസകളിൽ രാജ്യത്തു പ്രവേശിച്ചവരുടെ വീസാ കാലാവധി തീർന്നാൽ ഒരു ദിവസത്തെ അധിക താമസത്തിനു ആദ്യ ദിവസം 200 ദിർഹമാണു പിഴ നൽകേണ്ടത്. പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതം പിഴയിനത്തിൽ അടയ്ക്കണം. രാജ്യം വിടുന്ന ദിവസം ഇവരിൽ നിന്നും സർവീസ് ചാർജായി 100 ദിർഹം കൂടി ഈടാക്കും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button