പ്രമുഖ താരങ്ങളുടേയും സംവിധായകരുടേയും പേരില്‍ നടക്കുന്ന വ്യാജ കാസ്റ്റിങ് കോളിനെക്കുറിച്ചും മോഡലിംഗിലൂടെ സിനിമയിലേയ്ക്ക് എത്താൻ കാത്തിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയുമായി ഷിനു ശ്യാമളന്‍. സിനിമയില്‍ വേഷം തരാമെന്ന് പറഞ്ഞ് പലരും വിളിക്കുമെന്നും എന്നാല്‍ അത് വിശ്വസിച്ച് അവരെ കാണാന്‍ ഓടി പോകരുതെന്നും ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷിനു പറയുന്നത്.
കഴിഞ്ഞ ദിവസം തനിക്ക് ഇത്തരത്തില്‍ പ്രശസ്ത നടനാണെന്നു പറഞ്ഞുകൊണ്ട് കോള്‍ വന്നെന്നും അന്വേഷിച്ചപ്പോള്‍ അത് സത്യമല്ലെന്ന് മനസിലായെന്നും പറഞ്ഞ ഷിനു നിങ്ങളെ ട്രാപ്പിലാക്കി ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനാല്‍ ഇത്തരത്തില്‍ വരുന്ന കോളില്‍ വീഴരുതെന്നും വ്യക്തമാക്കി
ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം
മോഡലിംഗ്, സിനിമ, സീരിയല്‍ രംഗത്തേയ്‌ക്ക് വരുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്,
പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും. അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും. സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും. നിങ്ങള്‍ അത് വിശ്വസിച്ചു അവരെ കാണാന്‍ ഓടി പോകരുത്.
ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കള്‍ വഴിയോ മറ്റും കോണ്റ്റാക്‌ട് ചെയ്യുവാന്‍ ശ്രമിക്കുക. അവരോട് സംസാരിക്കുക.
read also:പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു വിടവാങ്ങി
ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോണ് വിളികളും മറ്റും വരികയും അതിന്റെ നിജസ്ഥിതി അന്വേഷിച്ചത് കൊണ്ട് അത്തരം റാക്കറ്റില്‍ വീഴാതെ അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഒരു വര്‍ഷം മുന്‍പ് സിനിമ സംവിധായിക അഞ്ജലി മേനോന്‍ ആണെന്ന് പറഞ്ഞു വിളി വന്നിരുന്നു. അന്ന് യഥാര്‍ഥ അഞ്ജലി മേനോനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്യുകയും മാഡം പരാതി നല്‍കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.
ഈ കഴിഞ്ഞ ദിവസം ഒരു പ്രശസ്ത സിനിമ നടന്‍ ആണെന്ന് പറഞ്ഞു വിളിച്ചു. അന്വേഷിച്ചപ്പോള്‍ അത് സത്യമല്ല. ഇതുപോലെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റും ആക്റ്റീവ് ആയി നില്‍ക്കുന്നവരെ വിളിക്കും.
അവര്‍ക്ക് വേണ്ടത് നിങ്ങളെ ട്രാപ്പിലാക്കി നിങ്ങളെ ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ്.
ഇത്തരക്കാര്‍ വിളിക്കുക അമേരിക്കയില്‍ നിന്നുള്ള നമ്ബറുകളോ, ഇന്റര്‍നെറ്റ് കാളുകളോ ആവും.
നമ്മളെ വിശ്വസിപ്പിക്കുവാനായി നമ്മളുടെ കാര്യങ്ങള്‍ അവര്‍ പറയും. കൂടാതെ അവര്‍ ആരാണെന്ന് പറഞ്ഞു വിളിക്കുന്നുവോ അവരുടെ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നമ്മോട് പറയും.
ഇതിലൊന്നും വീഴരുത്. അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ മാത്രമേ അവരെ കാണാന്‍ പൊകാവു.
ട്രാപ്പുകള്‍ ആവാം. സൂക്ഷിക്കുക. തെളിവുകള്‍ സഹിതം പരാതി കൊടുക്കുന്നതിന് കുറിച്ചു ആലോചിക്കും.
സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇതിവിടെ എഴുതുന്നു. ചില കഴുകന്‍ കണ്ണുകള്‍ നിങ്ങളെ നോക്കി ഇരിപ്പുണ്ട്. ജാഗ്രത.
നന്ദി.
Post Your Comments