ക്യത്യമായി ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ?ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. മൂന്ന് മാസം കൊണ്ട് ഒന്‍പത് കിലോ കുറച്ചത് എങ്ങനെയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഭാരം കുറയ്ക്കാന്‍ ഇന്ന് കൂടുതല്‍ പേരും ചെയ്ത് വരുന്നത് കീറ്റോ ഡയറ്റാണ്. ഭൂരിഭാഗം ആള്‍ക്കാര്‍ക്കും നാക്കിന് പ്രിയങ്കരമായ കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍ തന്നെ കഴിച്ച്, തങ്ങളുടെ ശരീരഭാരം കുറയ്ക്കാമെന്നുള്ളത് തന്നെയാണതിന്റെ പ്രധാന ആകര്‍ഷണം. ഈ പറയുന്ന Low Carb High Fat ഡയറ്റിനോട് അന്നും ഇന്നും താല്‍പ്പര്യം തോന്നിയിട്ടില്ല. ഭാരം കുറയ്ക്കാനുള്ള ഒരു എളുപ്പവഴിയായി രോഗികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇന്നുവരെ അത് നിര്‍ദ്ദേശിച്ചിട്ടുമില്ലെന്ന് ഡോ. മനോജ് പോസ്റ്റില്‍ പറയുന്നു.
ദീര്‍ഘകാലം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റി ഇനിയും മനസിലാക്കാനുണ്ട്. അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും, രക്തത്തിലെ ഇലക്ട്രൊലൈറ്റ്‌സിന്റെ അളവില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതായും പഠനങ്ങളുണ്ട്. ആരോഗ്യത്തിന് വേണ്ടിയുള്ള ഒരു ഭക്ഷണക്രമത്തില്‍ അങ്ങനെയൊന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഞാനൊരിക്കലും കീറ്റോ ഡയറ്റ് സജസ്റ്റ് ചെയ്യാറില്ലെന്നും ഡോ. മനോജ് കുറിച്ചു.
ഡോ. മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
3 മാസം.9 kg വെയ്റ്റ് ലോസ്. വയറു കുറഞ്ഞു. BMI 28.4 ല്‍ നിന്ന് 25.4 ലേക്ക്. പാന്റിന്റെ സൈസ് 34-ല്‍ നിന്ന് 32 ലേക്ക്. അതെ, ഒരു സക്‌സസ് സ്റ്റോറി തന്നെയാണ് പറയാനുള്ളത്.
കീറ്റോ ഡയറ്റ് കാരണം ഒരു സിനിമാനടി മരിച്ചെന്ന വാര്‍ത്ത വായിച്ചപ്പോള്‍ തന്നെ എഴുതണമെന്ന് കരുതിയതാണിത്. പക്ഷെ സഹജമായ മടി കാരണം നീണ്ടുപോയി.
27 കാരിയായ ബംഗാളി സിനിമാനടി കീറ്റോ ഡയറ്റ് കാരണം വൃക്ക തകര്‍ന്ന് മരിച്ചെന്ന വാര്‍ത്ത കാണാത്തവരോ അറിയാത്തവരോ ഉണ്ടാവില്ല. കീറ്റോ ഡയറ്റിന്റെ ആരാധകരുടെയെല്ലാം തലച്ചോറിലൂടെ, അന്തംവിട്ട ആശങ്കയുടെ കണ്ണുന്തിയ സ്‌മൈലികള്‍ ആ വാര്‍ത്ത വായിച്ചശേഷം പലവട്ടം കടന്നു പോയിട്ടുണ്ടാവും.
കീറ്റോജെനിക് ഡയറ്റിന് സമൂഹത്തില്‍ അത്യാവശ്യം പ്രചാരം കിട്ടിക്കഴിഞ്ഞതാണ്. ഭൂരിഭാഗം ആള്‍ക്കാര്‍ക്കും നാക്കിന് പ്രിയങ്കരമായ കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍ തന്നെ കഴിച്ച്, തങ്ങളുടെ ശരീരഭാരം കുറയ്ക്കാമെന്നുള്ളത് തന്നെയാണതിന്റെ പ്രധാന ആകര്‍ഷണം. എന്റെ അധ്യാപകരുള്‍പ്പടെയുള്ളവര്‍ അതിന്റെ വക്താക്കളായി മാറിയ കാര്യവുമറിയാം. പക്ഷെ, ഈ പറയുന്ന Low Carb High Fat ഡയറ്റിനോട് അന്നും ഇന്നും താല്‍പ്പര്യം തോന്നിയിട്ടില്ല. ഭാരം കുറയ്ക്കാനുള്ള ഒരു എളുപ്പവഴിയായി രോഗികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇന്നുവരെ അത് നിര്‍ദ്ദേശിച്ചിട്ടുമില്ല.
കാരണം, അതിന്റെ ഗുണദോഷങ്ങളെ പറ്റി വൈദ്യശാസ്ത്രലോകത്തു തന്നെ കൃത്യമായ അറിവില്ലാത്തതുകൊണ്ട്.. പല ദോഷങ്ങളും ഉണ്ടെന്ന് പഠനങ്ങളില്‍ പറയുന്നത് കൊണ്ട്..
നമ്മളെന്തിനാണ് ഡയറ്റ് ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നത്?
ഉത്തരം, ‘ആരോഗ്യത്തോടെ’ ‘ദീര്‍ഘകാലം’ ജീവിക്കാന്‍ വേണ്ടി എന്ന് തന്നെയല്ലേ.. ഇന്‍വെര്‍ട്ടഡ് കോമകള്‍ക്കത്തുള്ള രണ്ടുകാര്യങ്ങളും കീറ്റോ ഡയറ്റിനെ സംബന്ധിച്ച് സംശയമുനയിലാണ്. ദീര്‍ഘകാലം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റി ഇനിയും മനസിലാക്കാനുണ്ട്. അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും, രക്തത്തിലെ ഇലക്ട്രൊലൈറ്റ്‌സിന്റെ അളവില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതായും പഠനങ്ങളുണ്ട്. ആരോഗ്യത്തിന് വേണ്ടിയുള്ള ഒരു ഭക്ഷണക്രമത്തില്‍ അങ്ങനെയൊന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഞാനൊരിക്കലും കീറ്റോ ഡയറ്റ് സജസ്റ്റ് ചെയ്യാറില്ല.
ഇനിയെന്റെ കാര്യത്തിലേക്കു വരാം. ജൂലൈ ആദ്യവാരം ഭാരം 83 കിലോയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് വയറൊക്കെ നേരത്തേക്കാളും കൂടി. BMI 28.4! BMI ഏഷ്യക്കാര്‍ക്ക് 22.9 ആണ് കട്ട് ഓഫ്. 25-ന് മുകളിലായാല്‍ ഒബീസിറ്റിയാണ്. എന്നുവച്ചാ ഞാനൊരു പൊണ്ണത്തടിയന്‍. വയറാണ് എന്റെ ശരീരത്തില്‍ കൊഴുപ്പ് സൂക്ഷിക്കുന്ന പ്രധാന ഗോഡൗണ്‍.
അതൊരു റിസ്‌കാണ്. ഇനിയും വൈകിയാല്‍ ഡയബറ്റിസോ ഹൈപ്പര്‍ടെന്‍ഷനോ ഉടനെ പിടിപെടാന്‍ ചാന്‍സുണ്ട്. എന്തെങ്കിലും ചെയ്തേ പറ്റൂ. അധികച്ചെലവില്ലാത്ത, ദീര്‍ഘനാള്‍-ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍- പിന്തുടരാന്‍ പറ്റുന്ന, എന്നാല്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ വലുതായി ബാധിക്കാത്ത ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ ചെയ്തതിത്രയുമാണ്,
1. ഭക്ഷണത്തില്‍ അരി കൊണ്ടുള്ളവ കുറച്ചു. ചോറ് മാത്രമല്ല, അപ്പം, ദോശ, പുട്ട്, ഇടിയപ്പം, ഇഡ്ഢലി തുടങ്ങിയവയെല്ലാം അരിയാണല്ലോ. അവ അളവിലും എണ്ണത്തിലും കുറച്ചു. പകരം ചോറിന്റെ കൂടെയുള്ള കറികളും ഗോതമ്പും ഓട്‌സും ഒക്കെ കൂടുതലായി ഉള്‍പ്പെടുത്തി.
2. പഞ്ചസാര ഉപയോഗം നേരത്തേയുള്ളതിന്റെ കാല്‍ ഭാഗമായി കുറച്ചു.
3. ഫ്രൈഡ് ഐറ്റംസ് പരമാവധി കുറച്ചു. പഴം (സാധാ വാഴപ്പഴം) കൂടുതലുള്‍പ്പെടുത്തി. മറ്റു പഴങ്ങള്‍ സാമ്പത്തിക സ്ഥിതിയനുസരിച്ച്.
4. ബേക്കറി പലഹാരങ്ങള്‍, കോളകള്‍, ബോട്ടില്‍ഡ് ഡ്രിങ്ക്‌സ് ഒക്കെ ഒഴിവാക്കി. മൂന്ന് മാസത്തിനുള്ളില്‍ 7-8 തവണ അവയും കഴിച്ചിട്ടുണ്ട്. പക്ഷെ അളവ് വളരെ കുറച്ചു.
5. മദ്യപാനം നേരത്തേ വല്ലപ്പോഴുമുണ്ട്. ഇപ്പോഴും അത്രേ ഉള്ളൂ.
ഈ ഡയറ്റ് പ്ലാനിന് വേണ്ടി എക്‌സ്ട്രാ ഒന്നും ചെയ്യണ്ടാ. വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണം തന്നെയെല്ലാം. അളവ് മൂന്നിലൊന്നായി കുറഞ്ഞപ്പൊ ചെലവും കുറഞ്ഞു. ഇതിനിടയില്‍ 8-10 ദിവസം കൂടുമ്പൊഴൊക്കെ പൊറോട്ടയും ബീഫും ചിക്കന്‍ ഫ്രൈയും ഒക്കെ കൊതിയായിട്ട് വാങ്ങി കഴിക്കാറുമുണ്ട്. എത്ര കൊതിയായിട്ടാണേലും അളവ് കൂടാതെ നോക്കണം. ഒരു പരിധി വരെ വിജയിച്ചു.
ഡയറ്റ് പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ജിമ്മിലൊന്നും പോകാതെ തന്നെ ചെയ്യാനായിരുന്നു പ്ലാന്‍.
1. രാവിലെ നേരത്തേ ഉണര്‍ന്നാല്‍ സൈക്ലിംഗ് (1 hour) ഇല്ലെങ്കില്‍ വൈകുന്നേരം നടത്തം (8-10 Km) ശീലമാക്കി.
2.ഒരു യോഗ മാറ്റും ഒരു 5 kg ഡംബല്ലും വാങ്ങി. അതും സെല്‍ഫ് മോട്ടിവേഷന്റെ ഭാഗമാണ്.
3. Weight loss for men എന്ന free app download ചെയ്തു, അതില്‍ പറയുന്ന എക്‌സര്‍സൈസുകള്‍ ചെയ്യാന്‍ തുടങ്ങി.
4.ഒന്നുരണ്ടു കിലോമീറ്ററിനകത്തുള്ള യാത്രകളെല്ലാം സൈക്കിളിലോ നടന്നോ ആക്കി. ലിഫ്റ്റ് ഒഴിവാക്കി.
ഇങ്ങനെ ഒരുമാസം കഴിഞ്ഞപ്പൊ ഭാരം 3.2 കിലോ കുറഞ്ഞ് 79.8 ആയി. എന്നാലും വയറൊന്നും കാര്യമായി കുറഞ്ഞില്ല. പക്ഷെ, കൂടുതല്‍ ഇഷ്ടത്തോടെ, കാര്യക്ഷമമായി ഇതൊക്കെ തുടരാന്‍ തന്നെ തീരുമാനിച്ചു. വെയ്റ്റ് കുറഞ്ഞത് ഒരു പോസിറ്റീവ് റീ ഇന്‍ഫോഴ്‌സ്‌മെന്റുമായിരുന്നു. അതിനിടയില്‍ ഓണം വന്നു, സദ്യയും പായസവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ശരീരഭാരം സാവധാനം കുറഞ്ഞു കുറഞ്ഞു തന്നെ വന്നു. അങ്ങനെ 3 മാസം കഴിഞ്ഞപ്പോള്‍ ആകെ 9kg കുറഞ്ഞ് 74.2 ആയി.
ഇപ്പോഴും BMI 25.4 ആണ്. Obese തന്നെ. 23 എന്ന എന്റെ ഗോളിലെത്താന്‍ ഇനിയും 2 മാസമെങ്കിലും വേണമെന്നാണ് പ്രതീക്ഷ. അപ്പോഴേക്കും ഈ ഡയറ്റ്-എക്‌സര്‍സൈസ് കാര്യങ്ങളെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ടാവും. അതുകൊണ്ടുതന്നെ, പിന്നെ ഭാരം കൂടാതെ നോക്കാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന് തന്നെയാണ് തോന്നല്‍. ഈ സ്‌റ്റൈലിലങ്ങ് തുടര്‍ന്നാല്‍ മതിയല്ലോ.<
പല ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ സുഹൃത്തുക്കളും ഇക്കാര്യങ്ങള്‍ ഇടയ്ക്കിടെ ചോദിക്കാറുള്ളത് കൊണ്ടാണിത്രയും എഴുതിയത്. പുറമേ വേറെ ഒരാള്‍ക്കെങ്കിലും മോട്ടിവേഷനാവുമെങ്കില്‍ ആവട്ടേന്ന് കരുതി.
ഇങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോടും പ്ലാന്‍ ചെയ്യുന്നവരോടും പറയാനുള്ളത്
1. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ദീര്‍ഘകാലം തുടരാന്‍ പറ്റുന്ന, ലളിതമായതും താങ്ങാവുന്നതുമായവ തെരെഞ്ഞെടുക്കുക. ഇല്ലേല്‍, ഇടയ്ക്കു വച്ച് നിന്നുപോകാനും കുറഞ്ഞതിനെക്കാള്‍ വേഗതയില്‍ ഭാരം കൂടാനും കാരണമാവും.
2.ഓര്‍ക്കുക, റോം വാസ് നോട്ട് ബില്‍റ്റ് ഇന്‍ എ ഡേ.. എന്നുവച്ചാ പെട്ടെന്ന് മെലിയാമെന്ന് കരുതണ്ടാ. പതിയെ, ആകെ ഭാരത്തിന്റെ 4-5% ഒക്കെ ഒരു മാസം കൊണ്ട് കുറഞ്ഞാ മതി. പെട്ടന്ന് ഭാരം കുറയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.<
3. സ്ഥിരമായി ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അതുമൂലം ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും അഭിനന്ദനീയമാണ്. ഒരാഴ്ച കൊണ്ട് 100gm മാത്രമാണ് കുറഞ്ഞതെങ്കില്‍ പോലും സ്വയം അഭിനന്ദിക്കുക.
4.ഭാരം കുറയ്ക്കുന്നതു പോലെ പ്രാധാന്യമുണ്ട് അത് പിന്നീട് കൂടാതെ നിലനിര്‍ത്തുന്നതിന്. കീറ്റോ പോലുള്ള ഡയറ്റ് പ്ലാനുകളുടെ ഒരു പ്രധാനപ്രശ്‌നവും അതുതന്നെ.
5. പിന്നെ, ഏറ്റവും പ്രധാനം, ഇക്കാര്യങ്ങളൊക്കെ കഷ്ടപ്പെട്ട് ചെയ്യാതെ, ഇഷ്ടപ്പെട്ട് തന്നെ ചെയ്യുക. അപ്പോള്‍ തീര്‍ച്ചയായും വിജയിക്കും..
മനോജ് വെള്ളനാട്…
Post Your Comments