ബെല്ലി ഫാറ്റ് ഇന്ന് പലര്‍ക്കും തലവേദനയാണ്. ശരീരമൊന്നാകെയുള്ള വണ്ണത്തേക്കാളും പലരുടെയും പ്രശ്നം അരക്കെട്ടിലെ അഥവാ ഇടുപ്പിലെ വണ്ണമാണ്. ഇതാണ് ബെല്ലിഫാറ്റ് എന്നറിയപ്പെടുന്നത്. വയറിന് ചുറ്റുമായി അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അത്ര നല്ല കാര്യമല്ല. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഭീഷണിയാണത്. ഇത് പിന്നീട് മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കും.
ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളുടെയും ഒരു കാരണം ബെല്ലി ഫാറ്റ് അഥവാ വിസെറല്‍ ഫാറ്റ് ആണ്. മറ്റ് ശരീരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടുപ്പിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ ശരിയായ ജീവിതരീതിയും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടെങ്കില്‍ ഇടുപ്പിലെ കൊഴുപ്പും അരവണ്ണവും വേഗത്തില്‍ കുറയ്ക്കാനാകും.
അരഭാഗത്തെ വണ്ണം വലിയ പ്രതിസന്ധി
ജീവിതശൈലികളിലെ വ്യതിയാനം മൂലം പൊണ്ണത്തടിയും ബെല്ലിഫാറ്റും ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. ഏഷ്യക്കാരില്‍ പൊണ്ണത്തടി കൂടിവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങള്‍ മൂലമുള്ള മരണനിരക്കും കൂടിവരികയാണെന്ന കാര്യം മറക്കരുത്. അരക്കെട്ടിലെ അമിത കൊഴുപ്പ് (അബ്ഡോമിനല്‍ ഒബിസിറ്റി) ഗുരുതരമായ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. പൊണ്ണത്തടിയുടെ മാനദണ്ഡമായി ബിഎംഐ മാത്രമല്ല, അരക്കെട്ടിന്റെ ചുറ്റളവ് കൂടി കണക്കിലെടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നുണ്ട്.
ഉചിതമായ അരവണ്ണം എത്രയാകണം
പുരുഷന്മാരുടെ അരക്കെട്ടിന്റെ ചുറ്റളവ് 90cmലും സ്ത്രീകളില്‍ ഇത് 80cmലും താഴെ ആയിരിക്കണമെന്നാണ് പറയുന്നത്. ഈ പരിധിയില്‍ കവിഞ്ഞ് അരവണ്ണം ഉണ്ടെങ്കില്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അവര്‍ക്ക് ഉണ്ടാകാം.
അരവണ്ണം കുറയ്ക്കാനുള്ള ഡയറ്റ്
അരവണ്ണം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ശരിയായ ആഹാരക്രമം കണ്ടെത്തുക എന്നതാണ്. സമീകൃതമായ, ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിക്കുക. അരക്കെട്ട് ഒതുങ്ങാന്‍ ആഹാരക്രമത്തോടൊപ്പം വ്യായാമവും പ്രധാനമാണ്. പ്രോട്ടീന്‍ ധാരാളമുള്ള, ഫൈബര്‍ അടങ്ങിയ ഭക്ഷണവും അരഭാഗത്തെ പേശികളെ ലക്ഷ്യമിട്ടുള്ള പ്ലാങ്ക്, ക്രഞ്ചസ് തുടങ്ങിയ വ്യായാമരീതികളും അരവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക, മദ്യോപഭോഗം കുറയ്ക്കുക, സ്ട്രെസ്സ് കുറയ്ക്കുക, മധുരരപാനീയങ്ങള്‍ കുറയ്ക്കുക, എന്നും വ്യായാമം ചെയ്യുക എന്നിവയും അരവണ്ണം കുറയ്ക്കാന്‍ ഫലപ്രദമാണ്. കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ ഡയറ്റും ദിവസവും 45-60 മിനിട്ട് വ്യായാമവും പെട്ടെന്ന് അരവണ്ണം കുറയ്ക്കാന്‍ സഹായിക്കും. അരവണ്ണം കുറയുന്നുണ്ടോ എന്ന് നിരന്തരം പരിശോധിച്ച് അതിനനുസരിച്ചുള്ള ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
Post Your Comments