ഇടുക്കി : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനത്തിന്റെ ഭാഗമായി എസ്എൻഡിപി ശാഖയുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. കൊടി ഉയർത്തൽ വിവാദമായതോടെ ലോക്കൽ സെക്രട്ടറി പരസ്യക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ പാർട്ടി നിർദേശപ്രകാരം ഇയാൾ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു. സംഭവത്തിൽ ലോക്കൽ സെക്രട്ടറി എ ബിജുവിനെ പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു.
ഹൈറേഞ്ച് എസ്എൻഡിപി യൂണിയനു കീഴിലെ പെരുവന്താനം 561ാം നമ്പർ ശാഖയുടെ പ്രാർത്ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയർത്തിയത്. പെരുവന്താനം ലോക്കൽ സെക്രട്ടറി എ ബിജുവാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. കൊടി ഉയർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ കൊടി മാറ്റുകയും പാർട്ടി നേതാക്കൾ എസ്എൻഡിപി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കൽ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളിൽനിന്ന് പുറത്താക്കണമെന്നും എസ്എൻഡിപി നേതൃത്വം നിലപാടെടുത്തു. തുടർന്ന് ലോക്കൽ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ ടി രവിക്ക് മാപ്പപേക്ഷ എഴുതിനൽകി. ഹൈറേഞ്ച് യൂണിയൻ ഓഫീസിൽ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നടന്ന പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജി നൽകുകയും ചെയ്തു.
Post Your Comments