Latest NewsNewsIndia

ബ്രഹ്‌മോസ് പരീക്ഷണ വിജയത്തിൽ ഞെട്ടി ചൈന; ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് അതീവ പ്രധാന്യമുണ്ട്.

ന്യൂഡൽഹി: സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസിന്റെ പരീക്ഷണ വിജയം ചൈനയെ ഞെട്ടിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ കിഴക്കന്‍ തീരം ഇന്ത്യന്‍ നാവികസേനയുടെ പരിധിക്കുള്ളിലാകുമെന്നതാണ് ചൈനീസ് അധികൃതരെ ഞെട്ടിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയുടെ പ്രധാന വ്യാപാര തുറമുഖമായ ഷാങ്ഹായിയും മറ്റു പ്രധാന തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്തായിരുന്നു ഇതുവരെ. 400 കിലോമീറ്റര്‍ വരെ ദൂരേക്ക് കടലില്‍നിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇവയെല്ലാം ഇന്ത്യന്‍ പരിധിക്കുള്ളിലാക്കും.

അതേസമയം ബ്രഹ്‌മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ട്വിറ്ററിലൂടെ അറിയിച്ചു. അറബിക്കടലില്‍ സ്ഥാപിച്ച ലക്ഷ്യം ബ്രഹ്‌മോസ് ഭേദിച്ചതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. ബ്രഹ്‌മോസിന്റെ വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു. ഈ നേട്ടത്തില്‍ പങ്കാളിയായി ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു.

അടുത്തിടെ ബ്രഹ്‌മോസ് മിസൈലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് ഐഎന്‍എസ് ചെന്നൈയില്‍നിന്നുള്ള പരീക്ഷണം. ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ 400 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിച്ചാണ് മിസൈല്‍ വിജയം കൈവരിച്ചത്. ബൂസ്റ്റര്‍, എയര്‍ ഫ്രെയിം എന്നിവയിലടക്കം ഇന്ത്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മിസൈലിന്റെ പരീക്ഷണവിജയം പ്രതിരോധ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കു കരുത്താകും.

Read Also: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരം; കരുത്തോടെ രാജ്യം മുന്നേറുന്നു

ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് അതീവ പ്രധാന്യമുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി നിരവധി അത്യാധുനിക മിസൈലുകളാണ് രാജ്യത്ത് വിജയകരമായി പരീക്ഷിച്ചത്. ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച ഭുതല-ഭൂതല സൂപ്പര്‍സോണിക് ക്രൂയീസ് മിസൈല്‍, ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം-1 എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ചൈനയുമായുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ലഡാക്കിലും അരുണാചല്‍ പ്രദേശിലും ഇപ്പോള്‍ തന്നെ 290 കിലോമീറ്റര്‍ റേഞ്ചിലുള്ള ബ്രഹ്‌മോസ് വിന്യസിച്ചിട്ടുണ്ട്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലുള്ളതാണ് ഈ മിസൈല്‍. കഴിഞ്ഞ വര്‍ഷം ആകാശത്ത് നിന്നുള്ള പരീക്ഷണം സുഖോയ്-30 യുദ്ധവിമാനത്തില്‍ നിന്ന് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button