തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണ്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലായതാണ് കേരളത്തിൽ സ്ഥിതി ഇത്രയും ഭയാനകമാക്കിയത്. പി.ആർ ഏജൻസിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ട ഫണ്ട് സർക്കാർഅനുവദിക്കുന്നില്ല. വികസനപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനം നടത്തുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read also: കൊവിഡ് പ്രതിരോധം: കേരളത്തിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ ശൈലജ
പൊസിറ്റീവായ രോഗികൾ ദിവസങ്ങൾ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ല. ഐസൊലേഷനിൽ കഴിയുന്നവരോട് ഫോണിൽ പോലും രോഗവിവരം തിരക്കാൻ ആരോഗ്യപ്രവർത്തകരില്ല. ലോക്ക്ഡൗൺ സമയത്ത് മറ്റുസംസ്ഥാനങ്ങൾ കൊവിഡ് കെയർസെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോൾ കേരളത്തിൽ സർക്കാർ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടെ വായ്ത്താരി പാടുകയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
Post Your Comments