വാഷിംഗ്ടണ്‍ : അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ എതിര്‍സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ട ആവശ്യകത വരില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫ്ലോറിഡയിലും ജോർജിയയിലും നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു ബൈഡനെതിരെയുള്ള ട്രംപിന്റെ ആരോപണങ്ങള്‍.
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും താൻ വിജയിച്ചാൽ അത് അമേരിക്കയുടെ വിജയവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. വിവേകമതികളായ ജനങ്ങളുള്ള മണ്ഡലങ്ങളില്‍ താനാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരു പക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’ ട്രംപ് പറഞ്ഞു.ബൈഡന്‍ തികച്ചും അഴിമതിക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും വളരെക്കാലമായി അത്തരത്തിലാണ് ബൈഡന്റെ പ്രവര്‍ത്തനമെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ട്രംപ് ആരോപിച്ചു. ദേശീയസുരക്ഷ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പാണിതെന്നും അമേരിക്ക കൊള്ളയടിക്കപ്പെടുന്നതിനിടെ ബൈഡന്‍ കൂടുതല്‍ സമ്പന്നനായിക്കൊണ്ടിരിക്കുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.
Post Your Comments