മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി അയച്ച കത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തോടെ അവസാനിച്ചുവെന്ന് ശിവസേന. രാജ്യത്തെ ആഭ്യന്തരമന്ത്രി വിഷയത്തില്‍ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയുമാണ് പ്രതികരിച്ചതെന്ന് സേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്ന് അമിത് ഷാ പറഞ്ഞു. ‘അത്തരമൊരു ഒഴുക്കന്‍ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒഴിവാക്കാമായിരുന്നു’, ഷാ പറഞ്ഞു.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയച്ച കത്തിന് മറുപടിയായി ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി അയച്ച കത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഉദ്ധവ് ഇത്രപെട്ടന്ന് മതേതരനായോ എന്ന് ഗവര്‍ണര്‍ കത്തില്‍ ആരാഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും രംഗത്തെത്തിയിരുന്നു. ഗവര്‍ണറെ നീക്കണമെന്ന ആവശ്യം പല നേതാക്കളും ഉന്നയിച്ചു. കത്തില്‍ ഉപയോഗിച്ച ഭാഷ വളരെ മോശമാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
Post Your Comments