മനില: നെഞ്ചിനുള്ളിലെ ഹൃദയമൊരുക്കി സ്നേഹമാക്കി അത് പാലാക്കി ചുരത്തി ഊട്ടുന്ന ‘അമ്മ അതാണ് മാതൃത്വം. എന്നാൽ സ്വന്തം കുഞ്ഞിനു അന്ത്യചുംബനം വിലക്കിയാലോ.. പെറ്റമ്മയുടെ നോവിന്റെ കണ്ണീർ പടർത്തുന്ന ഒരു ചിത്രമാണ് ഇന്ന് ലോകമനസ്സാക്ഷിയെ ദുഃഖത്തിലാഴ്ത്തുന്നത്. റെയ്ന മേ നാസിനോയുടെ കാര്യത്തിൽ ഇത് സത്യമായി തന്നെ ഭവിച്ചു. എന്നാൽ മൂന്നു മാസം പ്രായമായ കുഞ്ഞിനെ തന്റെ മാതാവിൽ നിന്ന് വേർപെടുത്തിയ അതേ ക്രൂരത തന്നെയാണ് ആ കുഞ്ഞിന്റെ സംസ്കാര ചടങ്ങിലും ഭരണകൂടം കാണിച്ചതെന്നു മാത്രം. ജനിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ മകളെ നഷ്ടമായി. അവളുടെ സംസ്കാര ചടങ്ങിൽ കൈവിലങ്ങുകളോടെ എത്തിയ അമ്മ. അവൾക്ക് അന്ത്യചുംബനം നൽകാൻ പോലും കൈവിലങ്ങുകൾ അഴിച്ചു നൽകാൻ തയാറാകാത്ത അധികൃതർ. മാതൃത്വത്തിൽ ഏറ്റവും നീതി നിഷേധിക്കപ്പെട്ട ദിനം.
സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് ഇടതുപക്ഷ പ്രവർത്തകയായ റെയ്ന മേ നാസിനോ എന്ന ഇരുപത്തിമൂന്നുകാരി അറസ്റ്റിലാകുന്നതത്. സംഭവം 2019 നവംബറിലാണ് മനിലയിൽ. കഡമായ് എന്ന പട്ടിണിവിരുദ്ധ സംഘത്തില്‍ അംഗമായ റെയ്ന ആയുധങ്ങളും സ്ഫോടകവസ്തുക്കളും കയ്യിൽവച്ചെന്നു പറഞ്ഞാണ് റെയ്നയേയും സഹപ്രവർത്തകരെയും അറസ്റ്റു ചെയ്യുന്നത്. അറസ്റ്റിലാകുമ്പോൾ റെയ്ന ഗർഭിണിയായിരുന്നു. എന്നാൽ ജയിലിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഇത് മനസ്സിലാകുന്നത്. തുടർന്ന് ജയിലിൽ വച്ച് റെയ്ന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മകൾക്ക് ‘റിവർ’ എന്ന പേരും നൽകി.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നാസിനോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദി നാഷനൽ യൂണിയൻ ഓഫ് പീപിൾസ് ലോയേഴ്സ് അപേക്ഷ നൽകി. രോഗം ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് 22 രാഷ്ട്രീയ തടവുകാരെ താൽക്കാലികമായി മോചിപ്പിക്കാനുള്ള പട്ടികയിൽ നാസിനോയും ഉൾപ്പെട്ടിരുന്നു. എന്നാൽ കോടതിയും അധികൃതരും നാസിനോയേയും കുഞ്ഞിനെയും പുറത്തുവിടാൻ തയാറായില്ല. ആശുപത്രിയിലോ മനിലയിലെ ജയിലിലോ കഴിയണമെന്നാണ് കോടതി ഉത്തരവിട്ടത്. യാതൊരു മാനുഷിക പരിഗണനയും നൽകാൻ കോടതി തയാറായില്ലെന്നാണ് നാസിനോയുടെ അഭിഭാഷകൻ ജോസാലി ഡെയ്ൻല പറഞ്ഞത്.
ജൂലൈ ഒന്നിനാണ് നാസിനോ പെൺകുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചപ്പോൾ കുഞ്ഞിന് തൂക്കം കുറവായിരുന്നു. എന്നാൽ ജനിച്ച് കുറച്ചു ദിവസത്തിനു ശേഷം തന്നെ നാസിനോയേയും മകളേയും ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റി. ഫിലിപ്പീൻസ് നിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങൾ ഒഴികെ ജനിച്ച് ഒരു മാസം മാത്രമേ കുഞ്ഞിന് അമ്മയ്ക്കൊപ്പം ജയിലിൽ കഴിയാൻ അനുവാദമുള്ളൂ. എന്നാൽ മലേഷ്യയിൽ തടവിലാക്കപ്പെട്ട അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് മൂന്നോ നാലോ വയസ്സ് വരെ അവരോടൊപ്പം താമസിക്കാൻ അനുവാദമുണ്ട്.
Read Also: ന്യൂസിലാന്‍ഡ് ഭരണം വീണ്ടും ജസീന്ത ആന്‍ഡേണിന്റെ കൈകളിൽ
ഓഗസ്റ്റ് 13നാണ് കുഞ്ഞിനെ അമ്മയിൽ നിന്ന് വേർപെടുത്തി നാസിനോയുടെ അമ്മയുടെ കൈവശം ഏൽപ്പിക്കുന്നത്. തുടർന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും സെപ്റ്റംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ നില മോശമായിട്ടും അതിനെ ഒന്ന് കാണാൻ പോലും അധികൃതർ നാസിനോയെ അനുവദിച്ചില്ല. തുടർന്ന് രോഗം മൂർച്ഛിച്ച് ന്യുമോണിയ ബാധിച്ച് ‘റിവർ’ കഴിഞ്ഞാഴ്ച മരിച്ചു.
കുഞ്ഞിന്റെ സംസ്കാര ചടങ്ങിലേക്ക് നാസിനോയെ എത്തിച്ചതും കൈവിലങ്ങ് അണിയിച്ചാണ്. വിലങ്ങ് ഒന്നഴിക്കാന്‍ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും അധകൃതരോട് അപേക്ഷിച്ചു. എന്നാൽ അതൊന്നും അവർ ചെവിക്കൊണ്ടില്ല. കോവിഡ് പ്രതിരോധ വേഷം ധരിച്ചെത്തി ആയുധധാരികളായ പോലീസുകാർക്ക് നടുവിൽ നിന്ന് നാസിനോ കുഞ്ഞിനെ കണ്ടു. ഒപ്പം അവളോട് ഇങ്ങനെ പറഞ്ഞു‘ ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഇനി ഉണ്ടാകാതിരിക്കട്ടെ’…
നാസിനോയ്ക്കും കുഞ്ഞിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല. കുഞ്ഞിനെ അമ്മയ്ക്കൊപ്പം കഴിയാൻ അനുവദിക്കണമെന്നും ഈ പ്രായത്തിൽ മുലപ്പാൽ കുഞ്ഞിന് അത്യാവശ്യമാണെന്നുമുള്ള ആവശ്യം പ്രതിഷേധക്കാരിൽ നിന്ന് ഉയർന്നിരുന്നു. നാസിനോയുടെ അമ്മ മകളുടെ മോചനം ആവശ്യപ്പെട്ട് നിരന്തരം കുഞ്ഞിന്റെ ഫോട്ടോയും എഴുത്തുകളും അധികാരികൾക്ക് അയച്ചെങ്കിലും യാതൊരു കനിവും അധികാരികളിൽ നിന്ന് ലഭിച്ചില്ല.
Post Your Comments