തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് പോയതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ജോസ് കെ മാണിയുടെ ഇടതു മുന്നണിയിലേക്കുള്ള പരകായ പ്രവേശം തെളിയിക്കുന്നത് കേരളത്തില്‍ രണ്ടു മുന്നണികളും തമ്മില്‍ അടിസ്ഥാന സ്വഭാവത്തില്‍ യാതൊരു വ്യത്യാസവുമില്ല എന്നതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് മുന്നണികളുടെയും മുദ്രാവാക്യങ്ങളും ഒന്നു തന്നെയാണെന്നും രണ്ടു കൂട്ടര്‍ ഭരിക്കുമ്പോഴും കേരളത്തില്‍ പ്രകടമായ ഒരു വ്യത്യാസവും കാണാന്‍ കഴിയുന്നില്ലെന്നും ഇവര്‍ അഴിമതികള്‍ പരസ്പരം അഡ്ജസ്റ്റ്‌മെന്റ് നടത്തി മൂടി വയ്ക്കുന്നുവെന്നും സന്ദീപ് ആരോപിക്കുന്നു. കെ.എം മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച് നിയമസഭ അടിച്ചു തകര്‍ത്ത ഇടതര്‍ക്ക് ഇപ്പോള്‍ ജോസ് മോന്‍ പ്രിയങ്കരനാണെന്ന് അദ്ദേഹം പരിഹസിച്ചു.
രണ്ട് മുന്നണിയിലും കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും ജനതാദളും ആര്‍.എസ്.പിയുമുണ്ട്. സി.എം.പിയുടെ രണ്ടു കഷ്ണം രണ്ടിലുമുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമുള്ള എന്‍.സി.പി കേരളത്തില്‍ ഇടതു മുന്നണിക്കൊപ്പമുണ്ട്. എന്തിനേറെ സരിതയുടെയും സ്വപ്നയുടേയും ഇഷ്ടക്കാര്‍ വരെ രണ്ട് മുന്നണിയിലുമുണ്ടെന്നും മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത എന്ന പ്രയോഗം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.
സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ജോസ് കെ മാണിയുടെ ഇടതു മുന്നണിയിലേക്കുള്ള പരകായ പ്രവേശം തെളിയിക്കുന്നത് കേരളത്തില്‍ രണ്ടു മുന്നണികളും തമ്മില്‍ അടിസ്ഥാന സ്വഭാവത്തില്‍ യാതൊരു വ്യത്യാസവുമില്ല എന്നതു തന്നെയാണ്.
രണ്ടു മുന്നണികളുടെയും രാഷ്ട്രീയ, സാമ്പത്തിക നിലപാടുകള്‍ ഒന്നു തന്നെയാണ് . രണ്ട് മുന്നണികളുടെയും മുദ്രാവാക്യങ്ങളും ഒന്നു തന്നെയാണ്. രണ്ടു കൂട്ടര്‍ ഭരിക്കുമ്പോഴും കേരളത്തില്‍ പ്രകടമായ ഒരു വ്യത്യാസവും കാണാന്‍ കഴിയുന്നില്ല . രണ്ടു കൂട്ടരും അഴിമതികള്‍ പരസ്പരം അഡ്ജസ്റ്റ്‌മെന്റ് നടത്തി മൂടി വയ്ക്കുന്നു.
കെ.എം മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച് നിയമസഭ അടിച്ചു തകര്‍ത്ത ഇടതര്‍ക്ക് ഇപ്പോള്‍ ജോസ് മോന്‍ പ്രിയങ്കരന്‍ . വി.എസ് അച്ചുതാനന്ദന്‍ സുപ്രീം കോടതി വരെ കേസ് നടത്തി അഴിമതിക്കേസില്‍ ജയിലിലാക്കിയ ബാലകൃഷ്ണപ്പിള്ളക്ക് എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കാബിനറ്റ് പദവി.
രണ്ട് മുന്നണിയിലും കോണ്‍ഗ്രസുണ്ട്, രണ്ട് മുന്നണിയിലും ലീഗുണ്ട്. രണ്ട് മുന്നണിയിലും കേരള കോണ്‍ഗ്രസുണ്ട്. രണ്ട് മുന്നണിയിലും ജനതാദളുണ്ട്. രണ്ട് മുന്നണിയിലും ആര്‍.എസ്.പി യുണ്ട്. സി.എം.പിയുടെ രണ്ടു കഷ്ണം രണ്ടിലുമുണ്ട്. (അരവിന്ദാക്ഷന്‍ വിഭാഗം സി.എം.പി ലയിച്ചും ലയിക്കാതെയും ഇടതിലുണ്ട് ) . കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമുള്ള എന്‍.സി.പി കേരളത്തില്‍ ഇടതു മുന്നണിക്കൊപ്പമുണ്ട്. എന്തിനേറെ സരിതയുടെയും സ്വപ്നയുടേയും ഇഷ്ടക്കാര്‍ വരെ രണ്ട് മുന്നണിയിലുമുണ്ട്.
മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത എന്ന പ്രയോഗം ഇനിയെങ്കിലും അവസാനിപ്പിക്കണം.
https://www.facebook.com/Sandeepvarierbjp/posts/4546997198675344
Post Your Comments