കൊച്ചി: വീട്ടിലിരുന്നും ജോലി ചെയ്യാമെന്ന തിരിച്ചറിവ് അനാവശ്യമായ നഗരവത്കരണത്തിന്റെ വളർച്ചയ്ക്ക് തടയിടുമെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു. അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോൺഡ് സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ ആഗോള പാർപ്പിട ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കളുടെ ജോലികൾ ബെംഗളൂരുവിലും ഹൈദരാബാദിലും ഇരുന്ന് ചെയ്യാമെങ്കിൽ അവ നാട്ടിൻപുറങ്ങളിലെ വീടുകളിലും ഇരുന്ന് ചെയ്യാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നഗരങ്ങളിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ ലഭ്യമാക്കുകയാണ് വേണ്ടത് എന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ കാഴ്ചപ്പാട് ഇവിടെ പ്രസക്തമാണ്. അന്ന് അദ്ദേഹം അതു പറഞ്ഞപ്പോൾ അതിനെ പകൽക്കിനാവെന്ന് പരിഹസിച്ചവരുണ്ട്. എന്നാൽ, കോവിഡ് അതിനെ യാഥാർത്ഥ്യമാക്കി. മികച്ച ബ്രോഡ്ബാൻഡും ഇടതടവില്ലാത്ത വൈദ്യുതി ലഭ്യതയും നാട്ടിൻപുറങ്ങളിൽ ലഭ്യമാക്കിയാൽ അനാവശ്യമായ നഗരവത്‌കരണവും അതുവഴിയുള്ള ദോഷങ്ങളും ഒഴിവാക്കാനാവുമെന്നും ശശി തരൂർ പറഞ്ഞു.
30 -35 ശതമാനമെന്ന നിരക്കിൽ നിന്ന് ഇന്ത്യയിലെ നഗരവൽക്കരണത്തിന്റെ വളർച്ച 2030 ൽ 40 ആകുമെന്ന് പ്രതീക്ഷിച്ച പശ്ചാത്തലത്തിലാണ് കൊവിഡ് വന്നത്. കൊവിഡ് ഭീഷണി ഒഴിഞ്ഞാലും വർക്ക് ഫ്രം ഹോം തുടരുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാറും ചടങ്ങിൽ പ്രസംഗിച്ചു.വർഷം തോറും ലോകപരിസ്ഥിതി, ജല, പാർപ്പിടദിനങ്ങളിലാണ് ബിയോൺഡ് ദി സ്‌ക്വയർഫീറ്റ് പ്രഭാഷണപരമ്പര സംഘടിക്കുന്നത്.
Post Your Comments