Latest NewsNewsIndia

എന്റെ പോരാട്ടം ഹത്രാസിലെ മകള്‍ക്കു വേണ്ടി ; ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ എത്തുന്നത് നിര്‍ഭയ കേസിലെ അഭിഭാഷക

ദില്ലി : സീമ കുശ്വാഹ എന്ന് പേര് ഒരു ഇന്ത്യക്കാരനും മറക്കാന്‍ സാധ്യതയില്ല. 2012 ല്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ ക്രൂരതയ്ക്ക് നീതി നടപ്പാക്കാന്‍ ഇറങ്ങി തിരിച്ച ധീര അഭിഭാഷക. വെല്ലുവിളികളും ഭീഷണികളും തരണം ചെയ്ത് ഏഴു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസില്‍ ഇരയ്ക്കും ഇരയുടെ കുടുംബത്തിനും നീതി നേടി കൊടുത്ത സീമ കുശ്വാഹ വീണ്ടും എത്തുകയാണ്. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ഹത്രാസ് കേസില്‍ നീതി നടപ്പിലാക്കാനാണ് സീമ വീണ്ടും എത്തുന്നത്.

‘എന്റെ പോരാട്ടം ഹത്രസിലെ മകള്‍ക്കു വേണ്ടിയാണ്, അവള്‍ക്കു നീതി ലഭ്യമാക്കാന്‍. അതുപോലെ സ്ത്രീ സുരക്ഷയില്‍ ശക്തമായ നിയമങ്ങള്‍ ഉരുത്തിരിയുന്നതിനും.’ കേസ് ഏറ്റെടുത്ത് സീമ പറഞ്ഞ വാക്കുകളാണിത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ ഡല്‍ഹിയിലെ സഫര്‍ദ്ജങ് ആശുപത്രിയില്‍ വച്ച് 20 കാരി അന്ത്യശ്വാസം വലിച്ചപ്പോള്‍ അവള്‍ പോലും അറിഞ്ഞിരിക്കില്ല നീതി നിഷേധത്തിന്റെ വരും വരായ്കകള്‍. മരണപ്പെട്ട അന്നു തന്നെ അര്‍ധരാത്രിയില്‍ അച്ഛനെയും അമ്മയേയും മറ്റു ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ട് അനാഥമൃതദേഹം പോലെയായിരുന്നു അല്ലെങ്കില്‍ അതിലും മോശമായ അനാദരവോടെയായിരുന്നു യുപി പൊലീസ് അവളെ ദഹിപ്പിച്ചത്. ഇത് തന്നെയാണ് ഹത്രാസിലേക്ക് സീമയെ എത്തിക്കുന്നതും.

ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്നൗ ബെഞ്ചിനു മുന്നില്‍ ഹത്രാസിലെ കുടുംബത്തിനു വേണ്ടി സീമ വാദിച്ചു തുടങ്ങി. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും സീമ ആവശ്യപ്പെട്ടു. 2012ല്‍ ഒരമ്മയുടെ കണ്ണീരിനും അവരുടെ ഉറച്ച മനശ്ശക്തിക്ക് പിന്തുണയുമായാണ് സീമ കോടതി മുറികളില്‍ ഇന്ത്യയിലെ ഒരോ സ്ത്രീയുടെയും ശബ്ദമായി വാദിച്ചതെങ്കില്‍ ഇന്ന് സ്വന്തം മകളെപ്പോലെ കണ്ടാണ് ഹത്രസിലെ ഇരുപതുകാരിക്കു വേണ്ടി അവര്‍ ഇറങ്ങുന്നത്.

1982 ജനുവരി പത്തിന് ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഉര്‍ഗപുരില്‍ ബാലാദിന്‍ കുശ്വാഹിന്റെയും റാംകുആര്‍നി കുശ്വാഹയുടെയും മകളായിയാണ് സീമ സമൃദ്ധി കുശ്വാഹയുടെ ജനനം. 2005 ല്‍ കാന്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദം കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ രാജര്‍ഷി ടന്‍ഡന്‍ വിദൂര സര്‍വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലും ബിരുദം നേടിയിട്ടുണ്ട്. 2014 മുതല്‍ സുപ്രീം കോടതി അഭിഭാഷകയാണ് കുശ്വാഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button