കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പൊരിബസാറിൽ വാടകവീട്ടിനുള്ളിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. മേത്തല കൊട്ടിക്കൽ നടുമുറി വീട്ടിൽ കൃഷ്ണൻ മകൻ രാജേഷി(48) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജേഷിന്റെ സുഹൃത്ത് മേത്തല കാരയിൽ അരുൺ(35) അറസ്റ്റിലായി.
Read also: കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കുമ്മനം രാജശേഖരൻ
രാജേഷും അരുണും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ ഉണ്ടായ മർദനത്തിൽ രാജേഷിന്റെ വാരിയെല്ല് ഒടിഞ്ഞ് കരളിനു മാരകമായി മുറിവേറ്റെന്നും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും മതിലകം സിഐ എ. അനന്തകൃഷ്ണൻ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെയാണ് രാജേഷിനെ വാടകവീട്ടിലെ ഹാളിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെതുടർന്ന് പോലീസ് സ്ഥലത്തു കാവലേർപ്പെടുത്തിയിരുന്നു.
മൃതദേഹ പരിശോധനയ്ക്കുശേഷം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്.
Post Your Comments