
തിരുവനന്തപുരം: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസിൽ യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടിവരും.
ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ഭാഗ്യലക്ഷ്‌മിക്കു പുറമേ ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ എതിർത്തത്. ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി നാളെ വിധി പറയും.
സ്‌ത്രീകളെ അപമാനിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ് തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്‌മിയും സംഘവും പരസ്യമായി വിജയ് പി.നായർക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്.
Post Your Comments