തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് വൻ വരുമാന നഷ്ടം സൃഷ്ടിക്കുന്ന സമാന്തര സ്റ്റേജ് കാര്യേജ് സര്‍വീസുകള്‍ തടയണമെന്ന് ഗതാഗത കമ്മിഷണര്‍ക്ക് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. നിര്‍ദേശം നടപ്പില്‍വരുത്താന്‍ ആര്‍.ടി.ഒ.മാരെയും ജോയിന്റ് ആര്‍.ടി.ഒ.മാരെയും ചുമതലപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടുചേര്‍ന്ന് ഇത്തരം വാഹനങ്ങള്‍ ഏര്‍പ്പാടുചെയ്ത് ജോലിക്ക് പോകുന്നത് തടസ്സപ്പെടുത്താനാണ് നീക്കം. സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറുശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയാണ് പലരും ജോലിക്കുപോകുന്നത്. ഒരു റൂട്ടിലേക്കുള്ള പത്തോ പതിനഞ്ചോ സര്‍ക്കാര്‍ ജീവനക്കാര്‍ ചേര്‍ന്ന് ഇത്തരം വാഹനങ്ങള്‍ പ്രതിദിനനിരക്ക് നിശ്ചയിച്ചാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.
അതേസമയം, കെ.എസ്.ആര്‍.ടി.സി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വീസുകള്‍ ആരംഭിച്ചിട്ടുള്ളതായി കെ.എസ്.ആര്‍.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് അനുവദിക്കാനും കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും തിരുവനന്തപുരത്തേക്കും മറ്റ് ജില്ലാ ആസ്ഥാനങ്ങളിേലക്കും സര്‍വീസ് നടത്തുന്നത് തടയാൻ ഗതാഗത വകുപ്പ് നിര്‍ദേശിച്ചു.
സുരക്ഷിതമായും കൃത്യമായും ജോലിക്ക് എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് യാത്രയ്ക്കായി ഉയര്‍ന്ന തുക മുടക്കാന്‍ തയ്യാറാകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കോവിഡ് ഭീഷണി കുറയുന്നതുവരെ ഇതില്‍ നിയന്ത്രണം കൊണ്ടുവരരുതെന്നാണ് അവരുടെ ആവശ്യം.
Post Your Comments