കോട്ടയം: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ഉറപ്പായിരിക്കെ പാലാ നിയമസഭാ സീറ്റില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി. എന്‍സിപിയില്‍ നിന്ന് പാലാ സീറ്റ് കൊടുത്ത് ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്നും പകരം രാജ്യസഭാ സീറ്റ് എന്‍സിപിക്ക് കൊടുക്കാമെന്നുമുള്ള വാര്‍ത്തകൾ നിഷേധിച്ച മാണി സി കാപ്പന് ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും പ്രതികരിച്ചു. ജോസ് വിഷയത്തിൽ സിപിഐ അയഞ്ഞപ്പോള്‍ അനുനയിപ്പിക്കല്‍ ദുഷ്കരമാക്കി എന്‍സിപി കടുംപിടുത്തം തുടരുകയാണ്.
ജോസ് കെ മാണിയുമായി ഇത്തരത്തിലൊരു ധാരണയുണ്ടോ എന്ന് അറിയില്ലെന്നും രാജ്യസഭാ സീറ്റ് വേണ്ടെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇതുതന്നെയാണെന്നുമാണ് മാണി സി കാപ്പന് പറയുന്നത്. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടനല്‍കാതെ മാണി സി കാപ്പന് വ്യക്തമാക്കി.
അതേസമയം, ഇടത് മുന്നണിയുമായി നിയമസഭ സീറ്റുകള്‍ സംബന്ധിച്ച് ജോസ് കെ മാണി ഏകദേശ ധാരണയായതായാണ് സൂചന. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്. ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിര്‍ത്തും. കുട്ടനാട് സീറ്റിലും ജോസ് കെ. മാണി അവകാശം ഉന്നയിക്കില്ല.
കാഞ്ഞിരപ്പള്ളി വിട്ടു നല്കുന്നതില് സിപിഐക്ക് ഇപ്പോളും എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നല്കി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. എന്‍സിപിയെ തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയ്ക്കായുള്ള ആലോചനകളാണ് നടക്കുന്നത്.
Post Your Comments