ന്യൂഡല്‍ഹി: ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ എന്‍.ഡി.എയിലേക്ക് കൂടുതല്‍ കക്ഷികളെ കൊണ്ടുവരുന്നതിനുള്ള നീക്കവുമായി ബി.ജെ.പി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ കൂടികാഴ്ച.
ഉടന്‍ നടക്കാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം ഉറപ്പുനല്‍കിയാണ് മുന്നണിയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണമെന്നാണ് സൂചന. ലോക്സഭയില്‍ 20 അംഗങ്ങളാണ് വൈഎസ്.ആര്‍ കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളുടെ യോഗവും ഇന്ന് ചേര്‍ന്നു. എന്നാല്‍ ജഗന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തി.
തനിക്കെതിരെയുള്ള സി.ബി.ഐ കേസുകള്‍ ഒതുക്കുന്നതിനാണു ജഗന്‍ ബി.ജെ.പിയുമായി കൂട്ടുകൂടുന്നതെന്നു ചന്ദ്രബാബു നായിഡു ആരോപിച്ചു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ സാമ്പത്തിക വെല്ലുവിളി മറികടക്കുന്നതിനായി കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണ് ജഗന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
Post Your Comments