കാബൂള്‍: അഫ്ഗാന്‍ ക്രിക്കറ്റ് താരം അന്തരിച്ചു. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാനായ നജീബ് താരകായ് (29) ആണ് അന്തരിച്ചത്. കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു താരം. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും താരം കോമയില്‍ തുടരുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.
നംഗര്‍ഹാറില്‍ ചികിത്സയിലായിരുന്ന താരകായിയെ എത്രയും വേഗം കാബൂളിലേക്കോ രാജ്യത്തിന് പുറത്തേക്കോ മാറ്റാന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നതിനിടയിലാണ് താരം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം നടന്ന ഷ്പാഗീസ പ്രീമിയര്‍ ലീഗില്‍ മിസ് അയ്നാക് നൈറ്റ്സിനു വേണ്ടി നജീബ് താരകായ് കളിച്ചിരുന്നു.
അഫ്ഗാന്‍ ടീമിനു വേണ്ടി 12 ട്വന്റി20 യിലും ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 2014 ലെ ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ കളിച്ചായിരുന്നു വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ അരങ്ങേറ്റം. യു.എ.ഇ, അയര്‍ലന്‍ഡ്, സിംബാബ്വേ, ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകള്‍ക്കെതിരേയും അവര്‍ കളിച്ചു. 2017 മാര്‍ച്ചില്‍ നടന്ന ടി 20 അന്താരാഷ്ട്ര പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ 90 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സ്‌കോര്‍.
അയര്‍ലാന്‍ഡിനെതിരെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏക ഏകദിന മത്സരവും. 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 47.20 ശരാശരിയില്‍ 2030 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ അറ് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 2019 സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു താരകായിയുടെ അവസാന അന്താരാഷ്ട്ര പ്രകടനം.
Post Your Comments