കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സിലേയ്ക്കും നീങ്ങുന്നു. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെ ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാർ ആയിരുന്നുവെന്നു കണ്ടെത്തിയതാണ് അന്വേഷണപരിധിയിലേക്ക് ബ്ലാസ്റ്റേഴ്‌സും ഉൾപ്പെടാൻ കാരണം.
യു.എ.ഇ. റെഡ്ക്രസന്റുമായുള്ള ഇടപാടിനുശേഷവും അതിന് രണ്ടുവർഷം മുമ്പുമുള്ള യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന അന്വേഷണ ഏജൻസികൾ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പനോട് പ്രധാന സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സുമായുണ്ടായിരുന്ന ബന്ധം സന്തോഷ് പറഞ്ഞിരുന്നില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഉപയോഗിച്ച് യൂണിടാക് പരസ്യചിത്രവും നിർമിച്ചിരുന്നു.
ലൈഫ് മിഷൻ കരാർ യാദൃച്ഛികമായി യൂണിടാക്കിന് ലഭിച്ചതല്ലെന്നാണ് വിലയിരുത്തുന്നത്. 18 കോടി രൂപയുടെ കരാർ ലഭിക്കണമെങ്കിൽ മുൻപും ഇടപാടുകൾ നടന്നിരിക്കാം. ലൈഫ് മിഷൻ കരാറിനു മുൻപ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിലും സ്വപ്‌നാ സുരേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.
ഇത്തരത്തിലുള്ള ഇടപാടുകൾ പരിശോധിക്കവേയാണ് റെഡ്ക്രസന്റുമായി കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വർഷം ബ്ലാസ്റ്റേഴ്‌സിന്റെ സ്പോൺസർമാരിൽ യൂണിടാക്കിന്റെ പേര് കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്‌സ് പോലൊരു ടീമിന്റെ സ്‌പോൺസർ ആകാനുള്ള സാമ്പത്തികശേഷി യൂണിടാക്കിന് കൈവന്നിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.
Post Your Comments