മോസ്‌കോ: ലോകത്തെ നടുക്കി കടല്‍ ദുരന്തം. റഷ്യയുടെ കിഴക്കന്‍ മേഖലയായ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയിലെ ബീച്ചായ ഖലക്റ്റിര്‍സ്‌കിയിൽ സെപ്തംബര്‍ മുതല്‍ കടല്‍ ജീവികള്‍ ചത്തടിയുകയാണ്. നക്ഷത്ര മത്സ്യങ്ങളും സീലുകളും നീരാളികളുമെല്ലാം ചത്തടിയുന്നുണ്ട്. തീരത്ത് അടിഞ്ഞ കടല്‍ ജീവികളുടെ ശരീരം തിളച്ച വെള്ളത്തില്‍ വെന്തതുപോലെയായിരുന്നുവെന്നാണ് റിപ്പോർട്ട്. സെപ്തംബര്‍ തുടക്കം മുതലാണ് സമുദ്രത്തിന്റെ ഭാവത്തില്‍ വ്യത്യാസം കണ്ടു തുടങ്ങിയതെന്ന് പ്രദേശത്ത് സര്‍ഫിംഗ് സ്‌കൂള്‍ നടത്തുന്ന ആന്റണ്‍ മോറോസോവ് വ്യക്തമാക്കുന്നു. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ തലകറക്കവും പനിയും ഓക്കാനവും അനുഭവപ്പെട്ടുവെന്നും ശരീരത്തില്‍ അസഹ്യമായ ചൊറിച്ചിലും കണ്ണുകള്‍ക്ക് വേദന അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
ഇതിന് പിന്നാലെയാണ് കടല്‍ ജീവികള്‍ ചത്തടിയാന്‍ ആരംഭിച്ചത്.ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ദുരന്തം മനുഷ്യരുടെ ഇടപെടല്‍ മൂലമല്ലെന്നും സമുദ്ര ജലത്തില്‍ ഇരുമ്പിന്റേയും ഫോസ്‌ഫേറ്റുകളുടേയും അംശം കൂടുതലായതിനാലാണെന്നുമാണ് പരിസ്ഥിതി മന്ത്രി ദിമിത്രി കോബില്‍കിന്‍ പറയുന്നത്. ഖലക്റ്റിര്‍സ്‌കി ബീച്ചിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ സൈനിക താവളത്തിലെ ഉപേക്ഷിക്കപ്പെട്ട റോക്കറ്റിന്റെ ഇന്ധനം ചോര്‍ന്നതാകാം കടല്‍ ജീവികള്‍ കൂട്ടത്തോടെ ചാകാന്‍ ഇടയാക്കിയതെന്നും ഗവേഷകര്‍ പറയുന്നു. അവിടുത്തെ മാലിന്യ സംസ്‌കരണ സംവിധാനത്തില്‍ ചോര്‍ച്ച സംഭവിച്ചിരിക്കാമെന്നുമാണ് ഇവർ പറയുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണിപ്പോൾ.
Post Your Comments