വാഷിങ്ടന്‍ : കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി ട്രംപിന്റെ കാര്‍യാത്ര വന്‍ വിവാദത്തിലേക്ക്. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ട്രംപ് അണികളെ ആവേശംകൊള്ളിക്കാനാണ് ചെറുയാത്ര നടത്തിയെതാന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ആരോഗ്യ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ സമൂഹത്തിലും രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു.
എന്നാല്‍ താന്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്ന് ട്രംപ് പറയുന്നു. കാറില്‍ ട്രംപിനെക്കൂടാതെ വേറെ രണ്ടുപേരുമുണ്ടായിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍നിന്ന് ബുള്ളറ്റ്പ്രൂഫ് കാറില്‍ മാസ്‌ക് ധരിച്ച് യാത്ര ചെയ്ത ട്രംപ് കൈവീശിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സ്വന്തം സര്‍ക്കാരിന്റെ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് ട്രംപ് ചെയ്തതെന്നും വിമര്‍ശനമുയരുന്നുണ്ട്. കോവിഡ് ബാധിച്ച് നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ട്രംപും ഭാര്യയും. കോവിഡ് ബാധിതനായ ട്രംപിന്റെ രോഗം നിസാരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
തീവ്രരോഗബാധിതരില്‍ കാണുന്ന ഓക്‌സിജന്‍ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ട്രംപിലുമുണ്ടെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തേണ്ടത് കണക്കിലെടുത്ത് രോഗിയുടെ നില ഗുരുതരമാകുമ്പോള്‍ മാത്രം നല്‍കാറുള്ള സ്റ്റിറോയിഡുകള്‍ പ്രസിഡന്റിനു നല്‍കിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
Post Your Comments