Latest NewsKeralaNews

സനൂപിന്റെ കൊലപാതകം; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ തൃശൂര്‍ ചൊവ്വന്നൂര്‍ മേഖലാ ജോ. സെക്രട്ടറി സനൂപിനെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ അരുംകൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്‌ഐ. എല്ലാ യൂണിറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് സനൂപ് കൊലചെയ്യപ്പെടുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ന് ചൊവ്വന്നൂര്‍ മേഖലാ കമ്മിറ്റിക്കായിരുന്നു. ജീവന്‍ നഷ്ട്ടപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും കര്‍മ്മ നിരതനായിരുന്നു സനൂപ്. ഈ സമയത്താണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന നാല് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. സനൂപിന് പുറമേ ഒരാള്‍കൂടി ഗുരുതരാവസ്ഥയിലാണ്. വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസുകാര്‍ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തി ഒരു മാസം കഴിയുമ്പോഴാണ് ഈ കൊലപാതകമെന്നും കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പദ്ധതിയുടെ ഭാഗമാണിതെന്നും മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയത്തെ ആയുധങ്ങളാല്‍ ഇല്ലാതാക്കാമെന്ന ചിന്തയുടെ ഭാഗമായാണ് ബിജെപി-ആര്‍എസ്എസ്, കോണ്‍ഗ്രസ് ക്രിമിനലുകള്‍ തുടരെ കൊലപാതകങ്ങള്‍ നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

അക്രമവും കൊലപാതകവും നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഈ അസാധാരണമായ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ കേരളം മുന്നോട്ട് പോകുമ്പോള്‍ കൊലക്കത്തിയുമായി ജീവനെടുക്കാന്‍ തുനിയുന്ന ബിജെപി-ആര്‍എസ്എസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ബിജെപി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ അക്രമവും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞു.

ഇത്തരം പ്രകോപനങ്ങളില്‍ പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും ആര്‍എസ്എസ്-ബിജെപിയുടെ പൈശാചിക മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കണമെന്നും നാടിന്റെ സമാധാനം തകര്‍ക്കുന്ന ബിജെപി-ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധം താഴെവയ്ക്കാന്‍ തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button