കോഴിക്കോട്: കേരളത്തെ നടുക്കിയ ഇന്ത്യയിലും ലോകരാഷ്ട്രങ്ങളില്‍ പോലും വലിയ ചര്‍ച്ചയായ കൂടത്തായി കൊലപാതക പരമ്പര പുറത്തേയ്ക്ക് വന്നിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം .. മലയാളിയ്ക്ക് അധികം പരിചയമില്ലാത്ത സൈക്കോ ചര്‍ച്ചയാകുന്നതും ഈ കൊലപാതക പരമ്പരയിലൂടെ തന്നെ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെയും ദുരൂഹത നിറഞ്ഞ കഥകള്‍ കല്ലറ നീക്കി പുറത്തുവന്നത്.
പല വര്‍ഷങ്ങളിലായി നടന്ന ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ് പുറം ലോകമറിയുന്നത്. ആറ് പേരേയും ഒരിലപോലും അറിയാതെ കൊലപ്പെടുത്തിയ ജോളി ഇപ്പോഴും ജയിലിലാണ്. ഒരു വര്‍ഷം പിന്നിടുമ്പോ ആറു കേസുകളിലെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളില്‍ പ്രാരംഭ വാദവും തുടങ്ങി. അഡ്വ. ആളൂരും സംഘവുമാണ് പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്നത്. ഈ കേസില്‍ ഇതുവരെ അറസ്റ്റിലായത് മുഖ്യപ്രതി ജോളി ജോസഫ് , ഇവര്‍ക്കു സയനൈഡ് എത്തിച്ചുനല്‍കിയ ബന്ധു കക്കാട്ട് മഞ്ചാടിയില്‍ എം.എസ്.മാത്യു, സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരാണ്.
14 വര്‍ഷത്തിനിടയില്‍ ഒരേ കുടുംബത്തില്‍ നടന്നത് ആറ് കൊലപാതകങ്ങളാണ്. അതിലേറെ പരാജയപ്പെട്ട കൊലപാതക ശ്രമങ്ങളും നടന്നു. എല്ലാം ആസൂത്രണം ചെയ്തത് ജോളി ജോസഫ്. സയനൈഡൂം നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷവും ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. ആറ് കൊലപാതകങ്ങള്‍ക്കും സമാന സ്വഭാവമായിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അദ്ധ്യാപിക അന്നമ്മ തോമസ്, മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.
മരിച്ച റോയ് തോമസിന്റെ ഭാര്യയായിരുന്നു കേസിലെ ഒന്നാം പ്രതിയായ ജോളി ജോസഫ്. അഞ്ച് പേരെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണെങ്കില്‍ ഭര്‍്ത്താവിന്റെ മാതാവിനെ കൊല്ലാന്‍ ഉപയോഗിച്ചത് നായ്ക്കളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷമായ ഡോഗ്കില്‍ ആയിരുന്നു. സ്വത്ത് തട്ടിയെടുക്കലും ഇഷ്ടവിവാഹം കഴിക്കലുമായിരുന്നു കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
Post Your Comments