വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിതയായ മെലാനിയ ട്രിംപിനും കൊറോണ ബാധിച്ചെന്ന വാര്‍ത്തയാണ് വെള്ളിയാഴ്ച ലോകം കേട്ടത്. നേരത്തെ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍, കൊറോണയെ നേരിടുമ്പോള്‍ ട്രംപിന് ഏറെ വെല്ലുവിളികളുണ്ടെന്നാണ് അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ വിലയിരുത്തല്‍. പ്രായവും ശരീര പ്രകൃതവും പുരുഷന്മാര്ക്ക് കൊറോണ പെട്ടെന്ന് ബാധിക്കുമെന്ന വിലയിരുത്തലുകളുമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. 74 വയസാണ് ട്രംപിന്റെ പ്രായം. അതിനാല്‍ തന്നെ കൊറോണയെ നേരിടുമ്പോള്‍ വളരെയേറെ അപകട സാധ്യതയുള്ള ഒരു പ്രായമാണ് ട്രംപിന്റേത്.
മെലാനിയയേക്കാള്‍ 24 വയസ് കൂടുതലാണ് ട്രംപിന്റെ പ്രായം. അതിനാല്‍ തന്നെ ട്രംപിനെ അപേക്ഷിച്ച് മെലാനിയയുടെ പ്രതിരോധ ശേഷിയും ആരോഗ്യവും കൂടുതലായിരിക്കാം. 18 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് 65നും 74നും ഇടയില്‍ പ്രായമുള്ളവരില്‍ മരണനിരക്ക് അപകടകരമായ വിധത്തില്‍ കൂടുതലാണ്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ചു മരിച്ചവരില്‍ 54 ശതമാനവും പുരുഷന്മാരാണ് എന്ന കണ്ടെത്തലും ഇതിനോടകം പുറത്തുവന്നിരുന്നു. എന്നാല്‍, താനും ഭര്‍ത്താവും സുരക്ഷിതരാണെന്ന് മെലാനിയ ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments