ഹത്രാസ് : ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനെ തടഞ്ഞ് പോലീസ്. സംഘര്‍ഷത്തിനിടെ പോലീസ് അദ്ദേഹത്തെ നിലത്ത് തള്ളിവീഴ്ത്തിയതായും വനിതാ എംപിയെ കൈയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഡെറക് ഒബ്രയാന്‍, കകോലി ഘോഷ് ദസ്തിദാര്‍, പ്രതിമ മൊണ്ടാല്‍, മുന്‍ എംപി മമത താക്കൂര്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കണമെന്ന് ആവശ്യവുമായി എത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ വെച്ചാണ് യുപി പൊലീസ് തൃണമൂലിലെ നാലംഗ പ്രതിനിധി സംഘത്തെ തടഞ്ഞത്. തന്റെ സംഘത്തിലുള്ളവര്‍ക്കെതിരെ അക്രമാസക്തമായി പൊലീസ് പെരുമാറിയത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ഡെറിക്ക് ഒബ്രയാനെ യുപി പൊലീസ് അക്രമാസക്തമായി നിലത്തേക്ക് തള്ളിവീഴ്ത്തുകയായിരുന്നു.
എഎന്‍ഐ ആണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വിട്ടത്. ‘ഞങ്ങള്‍ 1500 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവിടെ എത്തിയത്. ഒരു ജനപ്രതിനിധിയോട് ഇങ്ങനെയാണ് പൊലീസ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എങ്ങനെയാണെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ദൈവത്തിന് മാത്രമേ അവരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡെറിക്ക് ഒബ്രയാന്‍ പ്രതികരിച്ചു.
#WATCH: TMC delegation being roughed up by Uttar Pradesh Police at #Hathras border. The delegation, including Derek O’Brien, was on the way to meet the family of the victim of Hathras incident. pic.twitter.com/94QcSMiB2k
— ANI (@ANI) October 2, 2020
എന്നാല്‍ എംപിമാര്‍ക്കുനേരെ ബലപ്രയോഗം നടന്നിട്ടില്ലെന്ന് യുപി പോലീസ് അവകാശപ്പെട്ടു. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്. വനിതാ പോലീസുകാര്‍ എംപിമാരോട് ഗ്രാമത്തിലേയ്ക്ക് കടക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് വനിതാ പോലീസുകാരാണ് എംപിമാരെ തടഞ്ഞതെന്നും ഹാഥ്‌റസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്നലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments