തൃശ്ശൂർ : 67 വയസുകാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം മാല കവർന്നു. തൃശൂര്‍ എരുമപ്പെട്ടി തിപ്പല്ലൂരിലാണ് സംഭവം നടന്നത്. തിപ്പല്ലൂർ സബ് സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന പുതിയേടത്ത് വീട്ടിൽ കാർത്ത്യായനിയുടെ സ്വർണമാലയാണ് കവർന്നത്.
മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് കവർന്നതെന്ന് കാർത്യായനി പൊലീസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ 5.30 നാണ് സംഭവം. പുലർച്ചെ ഉറക്കമുണർന്ന കാർത്യായനി വീടിന് പുറക് വശത്തെ വാതിൽ തുറന്ന് പുറത്ത് കടന്നപ്പോൾ ആണ് മോഷ്ടാവ് ആക്രമിച്ചത്.
വയോധികയുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. മാലയുടെ ഒരു കഷ്ണം വീട്ടമ്മക്ക് കയ്യിൽ കിട്ടി. മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ഗ്യാസ് ഏജൻസിക്ക് സമീപം ബൈക്ക് യാത്രക്കാരന് നേരെയും മുളക് പൊടിയെറിഞ്ഞ് പണം കവരാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഈ പരിസരത്ത് ഒറ്റയ്‌ക് താമസിക്കുന്ന ചാലക്കൽ വീട്ടിൽ എൽസിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് പരിസര ബന്ധമുള്ള വ്യക്തിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുൾ ഹക്കീമിൻ്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments