KeralaLatest NewsNews

ബാബറി മസ്ജിദ് സംഭവം : ദൃക്സാക്ഷിയായ ജോണ്‍ ബ്രിട്ടാസ് ദേശാഭിമാനിയില്‍ അന്നെഴുതിയ ലേഖനം … ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്രത്തിലെ നരസിംഹറാവു സര്‍ക്കാര്‍ നിശബ്ദത പാലിച്ചത്?

തിരുവനന്തപുരം: രാജ്യത്തെ ഇന്ന് ഇളക്കി മറിച്ച ഒന്നായിരുന്നു ബാബറി മസ്ജിദ് കേസിലെ വിധി. 28 വര്‍ഷത്തിനുശേഷം എല്ലാവരെയും കുറ്റവിമക്തുരാക്കി സിബിഐ കോടതിയുടെ വിധിയാണ് ഇന്ന് എല്ലായിടത്തും ചര്‍ച്ച. വിധി വന്നതിനു ശേഷം പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേര്‍ വാദപ്രതിവാദങ്ങളുമായി രംഗത്തുണ്ട്. എന്നാല്‍ ഇപ്പോള്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ദൃക്‌സാക്ഷിയായ ജോണ്‍ ബ്രിട്ടാസ് ദേശാഭിമാനിയില്‍ അന്നെഴുതിയ ലേഖനമാണ് വൈറലായിരിക്കുന്നത്.

Read Also : ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാന്‍  പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേനെ: കെടി ജലീൽ

 

ബ്രിട്ടാസ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

എന്റെ ഓര്‍മയില്‍ 1992 ഡിസംബര്‍ ആറ് എന്ന കറുത്തദിനമാണ്. 500 വര്‍ഷം പഴക്കമുള്ള ബാബ്റി മസ്ജിദിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍നിന്ന് വണ്ടികയറിയതുമുതലുള്ള ഓരോ രംഗവും ഒരുനിമിഷംകൊണ്ട് എനിക്ക് ഓര്‍ത്തെടുക്കാനാകും.

ബാബ്റി മസ്ജിദിന് തൊട്ട് എതിരെയുള്ള മാനസ്ഭവന്റെ പടവുകള്‍ ചവിട്ടി ടെറസ്സിലേക്ക് പോകുമ്‌ബോള്‍ അന്തരീക്ഷം ‘ജയ് ശ്രീറാം’ വിളികളാല്‍ മുഖരിതമായിരുന്നു.
മസ്ജിദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സില്‍ പുറത്ത് ബിജെപിയുടെയും സംഘപരിവാറിന്റെയും മുതിര്‍ന്ന നേതാക്കള്‍ തങ്ങിയിരുന്നു.

എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, അശോക് സിംഗാള്‍ എന്നിവരും ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി ആദിത്യനാഥും അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമൊക്കെ പ്രസരിപ്പോടെ കര്‍സേവകര്‍ക്കിടയില്‍ നില്‍പ്പുണ്ട്.

ഇടയ്ക്കിടയ്ക്ക് ഇവര്‍ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ചുകൂടിയിരുന്ന കര്‍സേവകരെ അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളെയാകെ സ്തംബ്ധരാക്കിക്കൊണ്ട് എവിടെനിന്നോ നൂറുകണക്കിന് കര്‍സേവകര്‍ കപ്പിയും കയറും ഉപയോഗിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറി. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയര്‍ന്നു. ഒന്ന് പാളിനോക്കിയപ്പോള്‍ ആഘോഷത്തിമിര്‍പ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാന്‍ കഴിയുമായിരുന്നു.

മസ്ജിദ് തകര്‍ത്തതിന്റെ പിറ്റേന്ന് ഞങ്ങള്‍ അയോധ്യ സന്ദര്‍ശിച്ചു. അപ്പോഴേക്കും കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ടതുകൊണ്ട് കേന്ദ്രഭരണത്തിന്റെ തണലിലായി ഈ ഭൂമികയും.

ബാബ്റി പള്ളി നിലനിന്ന സ്ഥാനത്ത് ടാര്‍പോളിന്‍ കെട്ടിയ ടെന്റിനുള്ളില്‍ അമ്പലം തീര്‍ത്തുകഴിഞ്ഞിരുന്നു. തലേന്ന് ചരിത്രമന്ദിരം പൊളിക്കുമ്പോള്‍പ്പോലും നിഷ്‌ക്രിയരായി കടലകൊറിച്ച് സരയു നദിക്കരയില്‍ കഴിഞ്ഞിരുന്ന കേന്ദ്ര സേനാംഗങ്ങള്‍ താല്‍ക്കാലിക ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നതിന്റെ വിരോധാഭാസം തിരിച്ചറിയാതിരുന്നില്ല.

ബാബ്റി മസ്ജിദ് തകര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്രത്തിലെ നരസിംഹറാവു സര്‍ക്കാര്‍ നിശബ്ദത പാലിച്ചത്? നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം പൂജാമുറിയിലായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. അയോധ്യയിലുയര്‍ന്ന ഭ്രാന്തന്‍ മന്ത്രോച്ചാരണങ്ങള്‍ക്ക് ശക്തിപകരാന്‍ റാവു ധ്യാനമഗ്നനായിട്ടാണോ പൂജാമുറിയില്‍ നിമിഷങ്ങള്‍ തള്ളിനീക്കിയത്?

കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോധ്യയില്‍ നടന്ന സംഭവവികാസങ്ങള്‍ എന്റെ മനസ്സിനെ ഇന്നും കൊളുത്തിവലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കംമറിച്ചിലുകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നത്. അയോധ്യയുമായുള്ള എന്റെ സംസര്‍ഗത്തിന് രണ്ടരവ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്.

1989ല്‍ ശിലാന്യാസ് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാനാദ്യം അയോധ്യയില്‍ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹിയില്‍നിന്ന് തീവണ്ടിയുടെ ജനറല്‍ കംപാര്‍ട്മെന്റില്‍ ലഖ്നൗവരെ. അവിടെനിന്ന് യുപി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ തുരുമ്ബിച്ച ബസില്‍ ഫൈസാബാദിലേക്ക്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോധ്യയായിരുന്നില്ല എന്റെ മുമ്ബില്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിക്കാന്‍ പോകുന്ന വന്‍വിപത്തിന്റെ വാതായനമായിട്ടാണ് എനിക്കന്നുതന്നെ അയോധ്യ അനുഭവപ്പെട്ടത്. ഭക്തിമന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ എന്റെ നാവില്‍ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസില്‍ തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ മസ്ജിദിനെ കീഴ്പെടുത്തി അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ, ഇന്ത്യന്‍ രാഷ്ട്രീയം പതുക്കെ തമോഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു.

കാല്‍നൂറ്റാണ്ടുമുമ്ബ് അയോധ്യയില്‍ സംഹാരമാടിയ ശൂലം ദീപിക പദുകോണിന്റെ മൂക്കിനുനേര്‍ക്ക് തിരിയുമ്‌ബോള്‍, നമ്മുടെ സ്വാതന്ത്യ്രവും ബഹുസ്വരതയും മൂക്കോളം മുങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു

(ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം ദേശാഭിമാനിക്കുവേണ്ടി അയോധ്യയില്‍ പോയി റിപ്പോര്‍ട്ട് ചെയ്ത ജോണ്‍ ബ്രിട്ടാസ് 2017 ഡിസംബര്‍ ആറിനു പ്രസിദ്ധീകരിച്ച ലേഖനം)

shortlink

Related Articles

Post Your Comments

Related Articles


Back to top button