
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരിവസ്തുക്കള്‍ എത്തിച്ചു കൊണ്ടിരുന്ന സംഘത്തെ കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. സംഘത്തെ നയിച്ചിരുന്നത് മലയാളിയായ കെ. പ്രമോദും ഫാഹിമുമായിരുന്നു. രഹസ്യ ഓപറേഷനിലൂടെയായിരുന്നു സംഘത്തെ പിടികൂടിയത്. മലയാളികളാണ് എന്നല്ലാതെ ഏത് ജില്ലക്കാരാണ് എന്ന് ഇതുവരെ എന്‍സിബി യുവാക്കളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിടിയിലായ മലയാളികള്‍ പ്രമോദ് കൃഷ്ണന്റെ മകന്‍ കാര്‍ത്തിക് പ്രമോദ് – 25 വയസ്, കെ. ഫൈസലിന്റെ മകന്‍ ഫാഹിം- 23 വയസ് എന്നീ വിവരങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. രണ്ടുപേരും വിദ്യാര്‍ത്ഥികളാണെന്ന് അറിയാന്‍ സാധിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 30നാണ് ബിറ്റ് കോയിനുപയോഗിച്ച് ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ 750 എംഡിഎംഎ ഗുളികകള്‍ ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിലെത്തിയത്. ബെംഗളൂരുവിലെക്കെന്നല്ലാതെ പാര്‍സലെത്തേണ്ടായാളുടെ കാര്യമായ വിവരങ്ങള്‍ നല്‍കാത്തതില്‍ സംശയം തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ രഹസ്യമായി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അന്വേഷണം ചെന്നെത്തിയത് നാലംഗ സംഘത്തിലായിരുന്നു. ഇവരുടെ സഹായികളായ അബു ഹാഷിര്‍, എസ് എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ വിലാസങ്ങളിലേക്ക് ഇവര്‍ ഇത്തരത്തില്‍ പതിവായി ലഹരി എത്തിച്ചിരുന്നുവെന്ന് എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.
ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ ലഹരിമരുന്നുകള്‍ ബെംഗളൂരു നഗരത്തില്‍ പിടിക്കുന്നത് സ്ഥിരം സംഭവമാവുകയാണ്. ചെറുതും വലുതുമായി നിരവധി ലഹരിവേട്ടകളാണ് നഗരത്തില്‍ നിത്യവും നടക്കുന്നത്. സാധാരണ ബ്രൗസറുപയോഗിച്ച് എത്തിപ്പെടാനാകാത്ത ഇന്റര്‍നെറ്റിലെ ഒരു അധോലോകമാണ് ഡീപ്-ഡാര്‍ക്ക് വെബ്ബ് ഏരിയകള്‍. കേവലം ലഹരി വ്യാപാരം മാത്രമല്ല, ലോകത്ത് മൂല്യമുള്ള എന്തിന്റെയും വില്‍പനയും കൈമാറ്റവും ഇവിടെ നടക്കുന്നുണ്ട്. അനോണിമസ് ആയി- അഥവാ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇടപെടാം എന്നുള്ളതാണ് ഡാര്‍ക്ക് വെബ്ബിന്റെ പ്രത്യേകത.
Post Your Comments