ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്‍ഹാനി ഹാജ മൊയ്തീനെതിരെയുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ ഏക പ്രതിയായ സുബ്‍ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 125 പ്രകാരം രജിസ്റ്റർ ചെയ്ത കേരളത്തിലെ ആദ്യ കേസാണിത്. ഐ.പി.സി 125 ന് പുറമെ യു.എ.പി.എ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. എന്നാൽ രാജ്യത്തിനെതിരെ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐ.പി.സി 122 ാം വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാൻ എൻ.ഐ.എക്കായില്ല. താൻ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും സമാധാനത്തിലാണ് വിശ്വാസമെന്നും തന്‍റെ പ്രായവും കുടുംബ സാഹചര്യവും ശിക്ഷ വിധിക്കുമ്പോൾ പരിഗണിക്കണമെന്നും സുബ്‍ഹാനി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ വിധി അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ, അന്തിമ വിധി സർവശക്തനായ ദൈവത്തിന്‍റേതാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതിക്ക് അർഹമായ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇറാഖിൽ പോകുന്നതിന് മുമ്പ് ഇന്ത്യയിൽ ആക്രമണം നടത്താൻ പ്രതി ആഗ്രഹിച്ചിരുന്നതായും ചെയ്ത കുറ്റത്തിൽ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.
Post Your Comments