സൈബർ ആക്രമണങ്ങളും ഓൺലൈൻ അധിക്ഷേപങ്ങളും ഈ കോവിഡ് കാലഘട്ടത്തിലും ദിനംപ്രതി വർദ്ധിച്ചു വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ പര്യാപ്തമായ നിയമ വ്യവസ്ഥ നിലവിലില്ല എന്ന ആക്ഷേപവും വളരെ ശക്തമാണ്. ഈ സാഹചര്യത്തോട് ‘ നിയമ വടി’ എന്ന കവിതയിലൂടെ ഹാസ്യാത്മകമായി പ്രതികരിച്ചിരിയ്ക്കുകയാണ് കവി സോഹൻ റോയ്.
രണ്ടുദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിവാദ സംഭവമാണ് ഈ കവിതയുടെ ഇതിവൃത്തത്തിന്റെ വെളിച്ചത്തിൽ നമുക്ക് കാണാൻ കഴിയുക. ഒരു ആർട്ടിസ്റ്റിനെ ഒരാൾ തന്റെ യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിക്കുകയും, തുടർന്ന് അവർ ഉൾപ്പെടുന്ന ഒരു സംഘം സ്ത്രീകൾ അയാളെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓൺലൈനിലൂടെ അധിക്ഷേപം നേരിടേണ്ടിവന്നവർക്ക്, നിയമപരമായ മാർഗങ്ങൾ മാറ്റിവെച്ച് ശാരീരികമായി അതിനോട് പ്രതികരിക്കുകയായിരുന്നു. ഇത് സൈബർ നിയമങ്ങളുടെ പോരായ്മയായി പരക്കെ ചൂണ്ടിക്കാണിയ്ക്കപ്പെടുകയും ചെയ്തിരുന്നു. പരാതി കൊടുത്തിട്ടും നടപടി ഇല്ലാത്തതുകൊണ്ടാണ് അവർക്ക് ഈ രീതിയിൽ പ്രതികരിക്കേണ്ടി വന്നതെന്നും പരാമർശങ്ങളുണ്ടായി.
‘നിയമവടി ‘ എന്ന കവിത ചർച്ച ചെയ്യുന്നത് ഈ സാഹചര്യമാണ്.
കവിതയിലെ വരികൾ ഇങ്ങനെയാണ്
” ഉടുമുണ്ടഴിച്ചാലും ചൊറുതണം തേച്ചാലും
അടിയേകി മഷിതൂകി തെറി പൂശിയാലും
വിടുവായ ജല്പനം മാറാത്ത നാട്ടിൽ
വടിയോങ്ങി പെൺപട അടിതെറ്റി വീഴുമോ? ”
ഓൺലൈൻ അധിക്ഷേപക്കാരുടെ ഉടുമുണ്ട് എത്രയൊക്കെ ഉരിഞ്ഞിട്ടിട്ടും, തെറി വിളിച്ചിട്ടും ‘വിടുവായൻ ജല്പനങ്ങൾ ‘ ഈ നാട്ടിൽ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കവി കരുതുന്നു. ഇത്തരക്കാർക്കെതിരെയുള്ള വടിയോങ്ങലുകൾ ഇവിടുത്തെ സ്ത്രീകൾക്ക് അവസാനമില്ലാതെ ഇനിയും തുടരേണ്ടി വരുമോ എന്ന ആശങ്കയും കവി പങ്കുവെയ്ക്കുന്നു. നിലവിലെ അവസ്ഥയെ ഹാസ്യ രൂപത്തിൽ ചിത്രീകരിച്ച ഈ സ്ത്രീപക്ഷ കവിതയെ അനുകൂലിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് ഈണമിട്ട് ശബ്ദം നൽകിയിരിയ്ക്കുന്നത്.
Post Your Comments