
ന്യൂഡല്‍ഹി : ചൈനയെ ഒറ്റപ്പെടുത്തി ജപ്പാന്‍- ആസ്ട്രേലിയ-യുഎസ്എ രാജ്യങ്ങളുമായി കൈക്കോര്‍ത്ത് ഇന്ത്യ . ഇന്ത്യ-ഡെന്‍മാര്‍ക്ക് ഉഭയകക്ഷി ഉച്ചകോടിയില്‍ ചൈനയ്ക്ക് എതിരെ പരോക്ഷ പരാമര്‍ശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്യലായാണ് ഉച്ചകോടി നടന്നത്. ആഗോള വിതരണ ശൃംഖലയില്‍ ഒരു ഉറവിടത്തെ മാത്രം ആശ്രയിക്കാനാവില്ല എന്നാണ് കൊവിഡ് നമുക്ക് കാണിച്ച് തരുന്നത് എന്നാണ് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സെനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചൈനയുടെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്‍ശം.
ജപ്പാന്‍, ആസ്ട്രേലിയ അടക്കമുളള രാജ്യങ്ങളുമായി ആഗോള വിതരണ ശൃഖല വിപുലമാക്കുന്നത് സംബന്ധിച്ച് ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. താല്‍പര്യമുളള മറ്റ് രാജ്യങ്ങള്‍ക്കും ഇതിലേക്ക് കണ്ണി ചേരാമെന്നും നരേന്ദ്ര മോദി പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരമാര്‍ശം.
ആഗോള ഉത്പാദന-വിതരണ ശൃംഖലയിലെ പ്രധാന രാജ്യമാണ് ചൈന. ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ചൈനയുടെ വന്‍ വിപണിയാണ്. കൊവിഡിന്റെ തുടക്കം ചൈനയില്‍ നിന്നാണ് എന്നതിനാല്‍ അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ ചൈനയോട് പരസ്യമായ അതൃപ്തിയിലാണ്. അതിര്‍ത്തിയിലുളള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സാമ്പത്തിക രംഗത്തും ഡിജിറ്റല്‍ രംഗത്തും ചൈനയ്ക്ക് തിരിച്ചടികള്‍ നല്‍കുകയാണ്.
രണ്ടാം നോളജ് ഉച്ചകോടിക്ക് ആഥിധേയത്വം വഹിക്കാനുമെന്നുളള ഡെന്‍മാര്‍ക്കിന്റെ നിര്‍ദേശം ഉച്ചകോടിയില്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുളള ഉടമ്പടികളുടെ വിശാലമായ വിശകലനം ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ നടത്തി.
Post Your Comments