ന്യൂഡല്‍ഹി/പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറില്‍ തിരക്കിട്ട രാഷ്ര്‌ടീയ നീക്കങ്ങള്‍. സീറ്റ് വിഭജനം സംബന്ധിച്ച് ഉടന്‍ ധാരണയിലെത്തണമെന്നു മഹാസഖ്യത്തിലെ ഘടകകക്ഷിയായ ആര്‍.ജെ.ഡിക്ക് കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിനെ കാര്യക്ഷമമായി നേരിടാനും ഭിന്നത ഒഴിവാക്കാനും സീറ്റ് വിഭജനം വേഗത്തിലാക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.
പ്രതിപക്ഷനേതാവും ആര്‍.ജെ.ഡി. നേതാവുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ സംബന്ധിച്ച ഉടന്‍ തീരുമാനം വേണമെന്നാണു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തുവര്‍ഷത്തിലേറെയായി തുടരുന്ന സഖ്യത്തില്‍ ചില മാറ്റങ്ങളൊക്കെ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. 75 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക ആര്‍.ജെ.ഡിക്കു കൈമാറുകയും ചെയ്‌തു. സീറ്റുകളുടെ എണ്ണവും ചില സീറ്റുകള്‍ സംബന്ധിച്ച അവകാവാദങ്ങളും പക്ഷേ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. അതിനിടെ, മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദര്‍ശിച്ചതിനു പിന്നാലെ ബിഹാര്‍ മുന്‍ ഡി.ജി.പി. ഗുപ്‌തേശ്വര്‍ പാണ്ഡേ ജെ.ഡി.യുവില്‍ ചേര്‍ന്നു.
ബിഹാര്‍ സ്വദേശിയായ ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്റെ കാമുകിയും മോഡലുമായ റിയ ചക്രവര്‍ത്തിക്കെതിരേ വിവാദപരാമര്‍ശം നടത്തിയതോടെയാണു പാണ്ഡേ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞമാസം സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം സജീവരാഷ്ര്‌ടീയത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
read also: ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യൻ ആർമി ; ഭയന്ന് വിറച്ച് ചൈന
സ്വദേശമായ ബക്‌സറില്‍നിന്ന് ജെ.ഡി.യു. സ്‌ഥാനാര്‍ഥിയായി നിയമസഭയിലേക്കു മത്സരിക്കാനാണു രാജിവച്ചതെന്നും സൂചനകളുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പട്‌നയിലെത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സ്വയം വിരമിക്കാനുള്ള ഗുപ്‌തേശ്വറിന്റെ അപേക്ഷയ്‌ക്ക് കഴിഞ്ഞ ചൊവ്വാഴ്‌ചയാണു ബിഹാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മൂന്നുഘട്ടമായാണു ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം അടുത്തമാസം 28-നും രണ്ടും മൂന്നും ഘട്ടങ്ങള്‍ യഥാക്രമം നവംബര്‍ മൂന്ന്, ഏഴ് തീയതികളിലും നടക്കും. നവംബര്‍ പത്തിനാണു വോട്ടെണ്ണല്‍.
Post Your Comments