യഥാർത്ഥ പോരാളി ഇവിടുണ്ട്. ഇവിടെയെന്നു പറഞ്ഞാൽ സഖാക്കളുടെ കോട്ടയായ കണ്ണൂരിൽ! പേര് ചിത്രലേഖ. പ്രിവിലേജുകളുടെ ലേബലുകളൊന്നും പേറാത്ത യഥാർത്ഥ സ്ത്രീ പോരാളി. പക്ഷേ നമ്മളിൽ എത്ര പേർക്കറിയാം ഇവരെ? എത്ര ചാനൽ ഫ്ലോറുകളിൽ കണ്ടിട്ടുണ്ട് ഇവരെ? പോരാട്ടവഴികളെ കനലുകളെ അവർ നേരിട്ടത് സൈബറിടങ്ങളിൽ ലൈവ് ചാറ്റ് നടത്തിയും വത്തക്കാ-സ്വയംഭോഗപോസ്റ്റുകൾ നിരത്തിയും ഒന്നുമല്ല. ചങ്കുറപ്പോടെ നേർക്കുനേർ നിന്നു ഒറ്റയ്ക്ക് പോരാടി. അതുകൊണ്ട് അവർ ഇവിടെ സെലിബ്രിട്ടി ആയില്ല . ബിഗ്ബോസിലെ മത്സരാർത്ഥിയുമായില്ല. കേരളാമോഡൽ ഫെമിനിസത്തിന്റെ വക്താവുമായില്ല.അവരുടെ അതിജീവനസമരം ബോളിവുഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുപ്പോലും നമ്മളിൽ പലർക്കും അവരെ അറിയില്ല. Chithralekha’s story of courage is no less than that of bandit queen. എന്ന വാചകത്തോടെ ചിത്രലേഖയുടെ ജീവിതത്തെക്കുറിച്ച് ഫൂലന്‍ ദേവിയുടെ ജീവിതത്തെ അധികരിച്ച് ബാന്‍ഡിറ്റ് ക്വീന്‍ സംവിധാനം ചെയ്ത അതേ ശേഖര്‍ കപൂര്‍ മൂന്നു വർഷം മുൻപ് പോസ്റ്റ് ചെയ്ത ചിത്രം വാർത്താമാധ്യമങ്ങളിൽ പോലും ഇടം പിടിച്ചില്ല. വൈ? കാരണം അവർ സി.പി.എം നവോത്ഥാന നായികയല്ല. മതിലു പണിയാൻ ഇറങ്ങിയില്ല. പ്രിവിലേജുകളുടെ അലങ്കാരപ്പണികൾ അവർക്കില്ല.
ആരാണ് ചിത്രലേഖ? സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ജാതിവിവേചനം മൂലം ജീവിക്കാനോ തൊഴിലെടുക്കാനോ കഴിയാതെ സമരം ചെയ്ത സ്ത്രീപോരാളിയാണവർ. പയ്യന്നൂരില്‍ സി.പി.എം ഗുണ്ടകളുടെ കടുത്ത പീഡനത്തിനും ഊരുവിലക്കിനുമിരയായി, ചിത്രലേഖയെന്നൊരു ദലിത് സ്ത്രീ കഴിഞ്ഞ 16 വര്‍ഷമായി പ്രതികൂലാവസ്ഥകളോടു പടവെട്ടി ധീരമായ ജീവിതം നയിക്കുന്ന സ്ത്രീ.
കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ ചിത്രലേഖ 2004 ലാണ് എടാട്ട് സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ എത്തുന്നത്. സിപിഎം സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പും അക്രമണവും കാരണം പലവട്ടം ജോലി തടസ്സപ്പെട്ടു. ഓട്ടോ അവര്‍ തീവച്ച് നശിപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പിരിവിട്ട് വാങ്ങിക്കൊടുത്ത ഓട്ടോയും നശിപ്പിക്കപ്പെട്ടു. സിപിഎമ്മിന്റെ അതിക്രമങ്ങള്‍ക്കെതിരെ നാല് മാസം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്‍പില്‍ ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തി. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് സമരം മാറ്റിയ ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലം നല്‍കി. 2016 മാർച്ചിലാണ് വീടു പണിക്കാവശ്യമായ തുക യു.ഡി.എഫ് സർക്കാർ അനുവദിച്ചത്. ചിറക്കൽ പഞ്ചായത്തിലായിരുന്നു അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്.
എന്നാൽ പിണറായി സർക്കാർ അധികാരത്തിലേറിയ 2016 ൽ തന്നെ അനുവദിച്ച തുകയും 2018ൽ ഭൂമിയും ഇടതു സർക്കാർ റദ്ദാക്കുകയായിരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് സദാ ഊറ്റം കൊള്ളുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന നാട്ടിലാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ ചേർന്ന് ചിത്രലേഖയെന്ന ദളിത് യുവതിയെ നിരന്തരം പീഡിപ്പിക്കുന്നത്. സർക്കാർ ചിലവിൽ കോടികൾ മുടക്കി സ്ത്രീകളുടെ ഉന്നമനത്തിനായി നവോത്ഥാന മതിൽ കെട്ടിയ നാട്ടിലാണ് ഈ ഫാസിസ്റ്റ് ഏർപ്പാട് നടക്കുന്നത്.
ഇത്തരം ക്രൂരതകൾ നടക്കുമ്പോഴും സ്ത്രീ സംരക്ഷണത്തിന്റെ മൊത്ത കച്ചവടക്കാരായ വനിതാ സംഘടനകളോ സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീ സംരക്ഷണത്തിന്റെ പേരിൽ ഉറഞ്ഞ് തുള്ളുന്ന സാംസ്ക്കാരിക പ്രവർത്തകരോ പ്രതികരിക്കാനോ ഇവരെ സഹായിക്കാനോ ഈ നിമിഷം വരെ തയ്യാറായിട്ടില്ല. അവിടെയാണ് ചിത്രലേഖ ഇന്ന് ഫേസ്ബുക്കിലിട്ട ഷൈലജ ടീച്ചറോടുള്ള ഒരു ചോദ്യത്തിന്റെ പ്രസക്തി.
ആ പോസ്റ്റ് ഇങ്ങനെയാണ്: ” സിപിഎം മാർക്കറ്റിങ് കൊള്ളാം ഷൈലജ ടീച്ചറോട് ഒരു ചോദ്യം . എന്നെ വേശ്യ എന്നു വിളിച്ചു പോസ്റ്റർ ഒട്ടിച്ച എടാട്ട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജ്യോതിഷിന്റെ പല്ല് ഞാൻ അടിച്ചുകൊഴിച്ചാൽ പിന്തുണ തരുമോ ???
ഇതേ ചോദ്യം ഞാനും ആവർത്തിക്കുകയാണ്. അവർ അങ്ങനെ ചെയ്താൽ ഈ പ്രബുദ്ധകേരളത്തിന്റെ പ്രതികരണം ഇത് തന്നെ ആയിരിക്കുമോ? ഇവരൊക്കെയാണ് യഥാർത്ഥ ഫെമിനിസ്റ്റ്! പോരാട്ടവഴിയിലെ കനലുകളെ കൂസാതെ അവ തട്ടിമാറ്റി ഒറ്റയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന the true woman warrior ??,the real fighter?
Post Your Comments