Latest NewsNewsIndiaCrime

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: ഒമ്പത് പൊലീസുകാർക്കെതിരെ കുറ്റപത്രം

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ ഒമ്പതു പോലിസുകാര്‍ക്ക് എതിരേ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ സതന്‍കുളം പോലിസ് സ്‌റ്റേഷന്റെ മുന്‍ എസ്എച്ച്ഒ എസ് ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, പി രഘുഗനേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ് മുരുകന്‍, എ സമാദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം മുത്തുരാജ, എസ് ചെല്ലാദുരൈ, എക്‌സ് തോമസ് ഫ്രാന്‍സിസ്, വെയില്‍ മുത്തു എന്നിവരെ പ്രതികളാക്കിയാണ് കുറ്റ പത്രം സമര്‍പ്പിച്ചിട്ടുള്ളത്.

വ്യാപാരികളെ രാത്രി മുഴുവന്‍ പ്രതികളായ പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ലോക്കപ്പ് മര്‍ദ്ദനമാണ് വ്യാപാരികളുടെ മരണകാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഒമ്പത് പ്രതികളും നിലവില്‍ ജയിലിലാണ്. ജൂലൈയില്‍ സിബിഐ അറസ്റ്റുചെയ്യുകയും കോവിഡ് ബാധിച്ച് ജയിലില്‍ മരിക്കുകയും ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ പൗള്‍ദുരൈ കുറ്റപത്രത്തില്‍ പ്രതിയല്ലെങ്കിലും ഗൂഢാലോചനയില്‍ ഇയാളുടെ പങ്ക് പരാമര്‍ശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോക്ക് ഡൗൺ ലംഘിച്ച് കടകൾ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകൻ ബെന്നിക്‌സിനേും കസ്റ്റഡിയിൽ എടുത്ത സാത്താൻകുളം പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാൻഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു. സംഭവം തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. തുടർന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button