മുംബൈ : വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴിലാളികളായ മൂന്നു സ്ത്രീകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
വേശ്യാവൃത്തി, 1956ലെ പെൺവാണിഭ നിരോധന ആക്ട് പ്രകാരം കുറ്റകരമല്ലെന്നും കോടതി വിലയിരുത്തി. സിംഗിൾ ബെഞ്ച് ജസ്റ്റിസ് പൃഥ്വിരാജ് കെ ചവാന്‍റേതാണ് സുപ്രധാന ഉത്തരവ്. പെൺവാണിഭ കേസിൽ കുറ്റം ചുമത്തിയ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ വിധിക്കെതിരെയാണ് മൂന്നു സ്ത്രീകൾ ഹൈക്കോടതിയെ സമീപിച്ചത്.
2019 സെപ്റ്റംബർ 13ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലാഡിലെ ഒരു ഗസ്റ്റ് ഹൌസ് റെയ്ഡ് ചെയ്തതിനെത്തുടർന്നാണ് ഹർജിക്കാരായ മൂന്നു സ്ത്രീകൾ ഉൾപ്പടെയുള്ളവർ അറസ്റ്റിലായത്. യാത്രി ഗസ്റ്റ് ഹൌസിലെ ഏഴാം നമ്പർ മുറിയിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇതേ ദിവസം തന്നെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്ന ബേഡിയാ സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെതിരെയാണ് ഇവർ പിന്നീട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഏറെ നാളത്തെ വാദത്തിനൊടുവിലാണ് ബോംബെ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
Post Your Comments