മുംബൈ: പ്രശ്നപരിഹാരത്തിനായി ഇപ്പോഴും ആളുകൾ മന്ത്രവാദികളുടെ വാതിലിൽ മുട്ടുന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണെന്ന് ബോംബെ ഹൈക്കോടതി. മാനസിക വെല്ലുവിളി നേരിടുന്ന 6 പെൺകുട്ടികളെ സുഖപ്പെടുത്താനെന്ന വ്യാജേന ലൈംഗികമായി ചൂഷണം ചെയ്ത 45-കാരനായ മന്ത്രവാദിക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇയാൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജസ്റ്റിസുമാരായ രേവതി മോഹിതേ ദെരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പെൺകുട്ടികളെ ശാരീരികമായി ചൂഷണം ചെയ്തതിനോടൊപ്പം പെൺകുട്ടികളുടെ രക്ഷിതാക്കളെയും ഇയാൾ സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ മാനസിക വെല്ലുവിളി മാറ്റുന്നതിനായി രക്ഷിതാക്കളിൽ നിന്ന് 1.30 കോടി രൂപയാണ് തട്ടിയെടുത്തത്. 2010-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2016-ൽ സെഷൻസ് കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട്, സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, സെഷൻസ് കോടതിയുടെ വിധിയിൽ ഇളവ് വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.
Post Your Comments