ന്യൂഡല്‍ഹി : അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായുള്ള സൈനിക പിന്‍മാറ്റ ചര്‍ച്ചയ്ക്ക് ചില ഉടമ്പടികള്‍ മുന്നോട്ട് വെച്ച് ചൈന. എന്നാല്‍ ചൈന മുന്നോട്ടുവെച്ച ഉടമ്പടി ഇന്ത്യ തള്ളി. അതിര്‍ത്തിയിലെ സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തിന് മുന്നോടിയായി പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാവശ്യമാണ് ചൈന ഉന്നയിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ അനധികൃതമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും പിന്മാറാന്‍ മടി കാണിക്കുന്നതിനിടെയാണ് ചൈന ഇന്ത്യയോട് പിന്മാറ്റത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : ലഡാക്കിൽ പ്രകോപനം തുടർന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല ; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരുരാജ്യങ്ങളുടേയും കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ പാംഗോഗില്‍ ഇന്ത്യയ്ക്ക് ശക്തമായ സ്വാധീനമുളള ഇടമാണ്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്നുളള സൈനിക പിന്മാറ്റത്തിനുളള റോഡ് മാപ്പ് ആദ്യം തയ്യാറാക്കണം എന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപത്താകമാനം വന്‍ സന്നാഹങ്ങളുളള സാഹചര്യത്തില്‍ ഒന്നോ രണ്ടോ ഇടങ്ങളെ കുറിച്ച് മാത്രമായി ചര്‍ച്ച ചുരുക്കുന്നത് എന്തിനാണ് എന്ന് മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോദിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചയില്‍ ഡെസ്പാംഗ് അടക്കമുളള എല്ലാ മേഖലകളും ചര്‍ച്ച ചെയ്യണം എന്നാണ് ഇന്ത്യയുടെ നിലപാട്.
Post Your Comments