തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം. ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുയര്‍ത്തി കാട്ടി പ്രതിരോധിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. സ്വര്‍ണ്ണക്കടത്ത് കേസും ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ കൂടി കേസെടുത്തിരിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ കേസെടുത്തിരിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്ന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ സിബിഐ കേസെടുത്തത് അസാധാരണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചതെന്നും സിപിഎം പറഞ്ഞു.
സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണിച്ച് പ്രചാരണം ശക്തമാക്കും. നാളത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം വിശദീകരിക്കും.
Post Your Comments