തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മാറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ ഒന്പതുമുതല് ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ രാത്രി ഏഴുവരെയായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസവും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഇന്ന് തുടക്കമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 88.42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതുകൊണ്ട് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു.കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവയടക്കം എട്ടിനം സാധനങ്ങള്‍ ഭക്ഷ്യകിറ്റില്‍ ഉണ്ടാകും. അരിയും സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കട വഴി സൗജന്യ വിതരണം നടക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യകിറ്റിന് ആയിരം കോടി ചെലവഴിച്ചു. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്. പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമുണ്ടാക്കി. വാഗ്ദാനം മുഴുവന്‍ നടപ്പാക്കി. പ്രകടന പത്രികയിലില്ലാത്ത പുതിയ പദ്ധതികള്‍ നടപ്പിലാക്കി. റേഷന്‍ വിതരണത്തില്‍ അഴിമതി അവസാനിപ്പിച്ചു. ജനത്തിന് പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments