കൊച്ചി: എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താത്കാലികമായി നിർത്തിവെച്ചു. അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിൽ പോയി. കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തു.
Read also: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു
തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസിൽ എത്തിയ ശേഷം രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഈ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേനിന്നു വരുത്തിയാണു കഴിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യം ചെയ്യാൻ ഇ.ഡി. തയ്യാറെടുക്കവേയാണ് അന്വേഷണം മുടങ്ങിയത്. അതേസമയം,ഓഫീസിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്.
Post Your Comments