തിരുവനന്തപുരം: പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ സംബന്ധിച്ച് സി.പി.എം.എംപിമാര്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ്സ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. രാജ്യത്തിന്‍റെ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ കര്‍ഷക ദ്രോഹ ബില്ലിനെതിരെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
ലോക്സഭയില്‍ നടന്ന ചര്‍ച്ചകളിലുടനീളം കര്‍ഷക വിരുദ്ധബില്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് എം.പിമാര്‍ ആരോപിച്ചിരുന്നു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ നിന്നുള്ള എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പടെ നോട്ടീസ് നല്‍കിയിരുന്നു. കാര്‍ഷിക ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബില്‍ ബില്‍ അവതരിപ്പിക്കുകയായിരുന്നു.
ലോക്സഭയില്‍ നടന്ന ആറ് മണിക്കൂര്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പഞ്ചാബില്‍ നിന്നുള്ള എം.പിമാരായ രവ്നീത് സിംഗ് ബിട്ടു,ജസ്ബീര്‍ സിംഗ് ഗില്‍, ഗുര്‍ജിത് സിംഗ് ആജ്ല, കേരളത്തില്‍ നിന്നുള്ള എം.കെ.രാഘവന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്‍ കാര്‍ഷിക മേഖലയുടെ മരണ വാറണ്ടാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഗവണ്മെന്‍റിനെതിരെനിശിത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
ചര്‍ച്ചക്കൊടുവില്‍ മറുപടി പറഞ്ഞ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്‍റെ പ്രസംഗം ബഹിഷ്ക്കരിച്ചുകൊണ്ട് യു.ഡി.എഫ് എം.പിമാര്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ലോക്സഭയില്‍ അംഗമല്ലാത്ത സി.പി.എം നേതാവ് ഇളമരം കരിം പാര്‍ലമെന്‍റില്‍ ബി.ജെ.പിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന യു.ഡി.എഫ് എം.പിമാര്‍ക്കെതിരെ അധിക്ഷേപം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട എല്‍.ഡി.എഫ് ലോക്സഭയിലെ യു.ഡി.എഫ് അംഗങ്ങളെ നിരന്തരം കുറ്റപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് ഏത് നിയമവും പാസാക്കുവാന്‍ യാതൊരു പ്രയാസവുമില്ല.
പൗരത്വ നിയമം പാസാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും പാര്‍ലമെന്‍റില്‍ പ്രക്ഷുബ്ദ്ധ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന്‍റെ പേരില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വന്നത് കേരളത്തില്‍ നിന്നുള്ള ബെന്നി ബഹനാന്‍, റ്റി.എന്‍.പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ എം.പിമാരാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ലോക്സഭയില്‍ മൂന്ന് അംഗങ്ങളുള്ള സി.പി.എമ്മില്‍ നിന്ന് ഒരംഗത്തെ പോലും സസ്പെന്‍ഡ് ചെയ്തിട്ടില്ല.
രാജ്യസഭയില്‍ രണ്ട് സി.പി.എം എം.പിമാരെ സസ്പെന്‍ഡ് ചെയ്തതിന്‍റെ പേരില്‍ കാര്‍ഷിക ബില്‍ ചര്‍ച്ചയില്‍ യു.ഡി.എഫ് എം.പിമാരെ കുറ്റപ്പെടുത്താന്‍് ഇളമരം കരീമും കൂട്ടരും ശ്രമിക്കുന്നത് വെറും രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. ഇത് അപഹാസ്യമാണ്. പാര്‍ലമെന്‍റംഗം എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് ഇളമരം കരീമിന്‍റെയും സി.പി.എമ്മിന്‍റെയുംസര്‍ട്ടിഫിക്കറ്റ് യു.ഡി.എഫ് എം.പിമാര്‍ക്ക് ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
ലോക്സഭയില്‍ എല്ലാ സമ്മേളനങ്ങളിലും സജീവ സാന്നിദ്ധ്യവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും നടത്തുന്നത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള യു.ഡി.എഫ് അംഗങ്ങളാണ്. ഇതിന്‍റെ ജാള്യത മറച്ചു പിടിക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. രാഹുല്‍ ഗാന്ധി വിദേശത്ത് പോയത് മാതാവായ സോണിയയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ്. ഈ സമ്മേളന കാലത്ത് പാര്‍ലമെന്‍റില്‍ വരാന്‍ കഴിയില്ലെങ്കിലും യു.പി ഉള്‍പ്പടെ വടക്കേ ഇന്ത്യയിലാകമാനം രണ്ടു ദിവസമായി നടക്കുന്ന കര്‍ഷക സമരത്തിന് അദ്ദേഹം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് കോണ്‍ഗ്രസ്സിന്‍റെ ശക്തി കുറഞ്ഞതിന്‍റെ പ്രത്യാഘാതം ഇളമരം കരീമിനും സി.പി.എമ്മിന് ഇപ്പോഴെങ്കിലും മനസ്സിലായതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷികള്‍ക്ക് അധികാരത്തില്‍ വരാന്‍ അവസരം ഉണ്ടാക്കി കൊടുത്തതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും സി.പി.എമ്മിന് ഒരുകാലത്തും ഒളിച്ചോടാനാവില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ഓര്‍മ്മിപ്പിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി
Post Your Comments