തിരുവനന്തപുരം: വ്യാജപേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ വാദം കള്ളമാണെന്ന് തെളിയിക്കുന്ന അദ്ദേഹം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മതപത്രം പുറത്ത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ക്വാറന്റൈന്‍ സൗകര്യം ഉളളതിനാല്‍ ആശുപത്രിയിലേക്ക് പോകേണ്ടതില്ലെന്ന് കാട്ടിയുളള അഭി എം കെ എന്ന പേരില്‍ അഭിജിത് ഒപ്പിട്ട് നല്‍കിയതായി സൂചിപ്പിക്കുന്ന കത്താണ് പുറത്തു വന്നത്.
നേരത്തെ അഭി എം കെ എന്ന പേരില്‍ പോത്തന്‍കോട്ടെ പരിശോധന കേന്ദ്രത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കോവിഡ് പരിശോധന നടത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആള്‍മാറാട്ടം,പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍ താന്‍ പരിശോധനാ കേന്ദ്രത്തില്‍ അഭിജിത് കെ എം എന്ന പേരു തന്നെയാണ് നല്‍കിയതെന്നും കേട്ടെഴുതിയ പഞ്ചായത്ത് ജീവനക്കാര്‍ രേഖപ്പെടുത്തിയതിലെ പിഴവായിരിക്കാം ഇതെന്നുമായിരുന്നു അഭിജിത്തിന്റെ വാദം. ഇതെല്ലാം തള്ളിക്കളയുന്ന തെളിവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അഭിജിത്ത് ഒപ്പിട്ടു നല്‍കിയ സമ്മതപത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
Post Your Comments