ദുബായ് : കോവിഡിനെ നേരിടാന്‍ പുതിയ ശീലങ്ങളുമായി യുഎഇ. കോവിഡ് പേടിയില്‍ ശീലങ്ങള്‍ മാറ്റി ‘മിസ്റ്റര്‍ ക്ലീന്‍’ ആകുന്നവരുടെ എണ്ണം കൂടുന്നു. ആരോഗ്യ-ആഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയാണ് പലരും കോവിഡിനെതിരെ കച്ചമുറുക്കിയത്.
ഗള്‍ഫിലെ പല അനാരോഗ്യ ശീലങ്ങളും മാറ്റാന്‍ കോവിഡ് നിമിത്തമായെന്നു ബാച് ലേഴ്‌സ് ഫ്‌ലാറ്റുകളടക്കം ‘ഒറ്റനോട്ടത്തില്‍’ വ്യക്തമാക്കുന്നു. ഓഫിസില്‍ നിന്നെത്തിയാല്‍ ഷൂസൂം സോക്‌സും ഊരി മൂലയ്ക്കിട്ട് ചാറ്റ് ചെയ്യാന്‍ കിടക്കയിലേക്കു മറിഞ്ഞിരുന്നവര്‍ മൊബൈല്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കി വിശാലമായി കുളിക്കുന്നതു പതിവാക്കി. മുടികൊഴിയുമെന്നു കരുതി തലയില്‍ ദിവസവും വെള്ളമൊഴിക്കാന്‍ മടിച്ചിരുന്നവര്‍ രണ്ടും നേരം കുളിക്കുന്നു.
അതേസമയം, എന്തുവന്നാലും മാറാന്‍ മനസ്സില്ലെന്നു നിര്‍ബന്ധമുള്ളവരുമുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും മുറി തുടച്ചുവൃത്തിയാക്കാനും അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുന്നു. അടുക്കളയോടു ചേര്‍ന്ന ബാല്‍ക്കണിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്ന ബക്കറ്റുകള്‍ ഇല്ലാതായി. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും വയോധികരെയും കടകളില്‍ അയയ്ക്കാതിരിക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിക്കുന്നു.
വൈകിയുറങ്ങുന്ന ശീലം ഒഴിവാക്കിത്തുടങ്ങി. വ്യായാമത്തിനും സമയം കണ്ടെത്തുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നില്ല. അത്താഴത്തിന് അമിത ഭക്ഷണമില്ല.
രാവിലെ ടാപ്പില്‍ നിന്നു വരുന്ന ചൂടുവെള്ളം ഐസിട്ടു തണുപ്പിക്കുന്ന പതിവു നിര്‍ത്തി.
മിച്ചം വരുന്ന ഭക്ഷണ സാധനങ്ങള്‍ തള്ളാനുള്ള സ്ഥലമാണു ഫ്രിജ് എന്ന ധാരണ മാറി.
Post Your Comments